കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്നതില്‍ ബെനഡിക്ട് 16ാമന് വീഴ്ച പറ്റി; മുന്‍ മാര്‍പ്പാപ്പക്കെതിരെ റിപ്പോര്‍ട്ട്

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്നതില്‍ ബെനഡിക്ട് 16ാമന് വീഴ്ച പറ്റി; മുന്‍ മാര്‍പ്പാപ്പക്കെതിരെ റിപ്പോര്‍ട്ട്
കത്തോലിക്കാ സഭക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിലും ഇതിനെതിരെ നടപടിയെടുക്കുന്നതിലും മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. 1980കളില്‍ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരിക്കെ ലൈഗികപീഡന ആരോപണത്തില്‍ പെട്ട നാല് പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബെനഡിക്ട് 16ാമന്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കത്തോലിക്കാ സഭയ്ക്കുള്ളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ജര്‍മനിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഇദ്ദേഹം നിഷേധിച്ചതായും വാര്‍ത്തയുണ്ട്.

ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്ന ലോ ഫേം ആയ വെസ്റ്റ്ഫല്‍ സ്പില്‍കെര്‍ വാസ്ല് (ഡബ്ല്യു.എസ്.ഡബ്ല്യു) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.1945നും 2019നും ഇടയില്‍ മ്യൂണിക്, ഫ്രെയ്‌സിംഗ് എന്നീ അതിരൂപതകളില്‍ കുട്ടികളെ ലൈംഗികചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്, ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും അതിരൂപതകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് 16ാമന്‍ ആയിരുന്നു 1977 മുതല്‍ 1982 വരെ മ്യൂണിക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്. അതുകൊണ്ടാണ് ഇദ്ദേഹം അന്വേഷണത്തിന് കീഴില്‍ വന്നത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ ബെനഡിക്ട് 16ാമന്‍ പ്രതികരിച്ചതായും വാര്‍ത്തയുണ്ട്. 'പുരോഹിതന്മാര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കാര്യം ഞെട്ടലുണ്ടാക്കുന്നതാണ്, നാണം കെടുത്തുന്നതാണ്,' എന്ന് ഇദ്ദേഹം പ്രതികരിച്ചതായി വക്താവ് ജോര്‍ജ് ഗെയ്ന്‍സ്‌വെയ്ന്‍ പറഞ്ഞു.

Other News in this category



4malayalees Recommends