കൊറോണാവൈറസ് കേസുകള്‍ പൂര്‍ണ്ണമായി ഇല്ലാതായ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന ചിന്ത അനാവശ്യമാണെന്ന് ഏറെക്കുറെ തിരിച്ചറിഞ്ഞ രാജ്യമാണ് ബ്രിട്ടന്‍. അതുകൊണ്ട് തന്നെയാണ് ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നിയന്ത്രണങ്ങള്‍ നീക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നത്. എന്നാല്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ സ്ഥിതി നേര്‍വിപരീതമാണ്.
ഫ്രാന്‍സില്‍ അടുത്ത ആഴ്ച മുതല്‍ കഫെയിലും, റെസ്റ്റൊറന്റിലും കയറാന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. കഫെ, റെസ്റ്റൊറന്റ്, മറ്റ് ചില ബിസിനസ്സുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് വ്യക്തമാക്കി.
ഫെബ്രുവരി 1നകം കോവിഡ്-19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രിയ. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇവിടുത്തെ പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസില്‍ പാസാക്കി. യൂറോപ്യന്‍ യൂണിയനില്‍ വാക്‌സിനേഷന്‍ നിയമപരമായി നിര്‍ബന്ധമാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രിയ മാറും.
ഭൂഖണ്ഡത്തില്‍ ഒമിക്രോണ്‍ വേരിയന്റ് ഉയര്‍ന്ന തോതില്‍ വ്യാപിക്കുന്ന ഘട്ടത്തിലാണ് ഫ്രാന്‍സും, ഓസ്ട്രിയയും ഈ നീക്കം നടത്തുന്നത്. ഫ്രാന്‍സിന് പുറമെ പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വീഡന്‍, ചെക്ക് റിപബ്ലിക് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരുന്നതായാണ് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നത്. ഇറ്റലിയിലും, സ്‌പെയിനിലും കേസുകള്‍ ഉയര്‍ന്ന തോതിലാണെങ്കിലും അടുത്ത ദിവസങ്ങളിലായി ഇത് സ്ഥിരത കൈവരിച്ചിട്ടുണ്ട്.
എന്നാല്‍ ബ്രിട്ടനിലെ കോവിഡ് കണക്കുകള്‍ പ്രകാരം ഒരു അന്ത്യം വിദൂരമല്ലെന്ന പ്രതീക്ഷ നല്‍കുന്നു. ജനുവരിയില്‍ പീക്കില്‍ എത്തിയ ശേഷം യുകെയില്‍ കേസ് നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്.