ഫിലിപ്പ് രാജകുമാരന്‍ മരിച്ച് പെട്ടിയില്‍ കിടക്കുമ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ ആഘോഷങ്ങള്‍ നീണ്ടത് പുലര്‍ച്ചെ 1 വരെ! പാര്‍ട്ടിഗേറ്റ് അന്വേഷണത്തില്‍ ഫോട്ടോകള്‍ കൈയില്‍പെട്ടതായി സംശയം; എതിര്‍ത്ത് നില്‍ക്കുന്ന എംപിമാരെ ചാക്കിലാക്കാന്‍ ബോറിസ്

ഫിലിപ്പ് രാജകുമാരന്‍ മരിച്ച് പെട്ടിയില്‍ കിടക്കുമ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ ആഘോഷങ്ങള്‍ നീണ്ടത് പുലര്‍ച്ചെ 1 വരെ! പാര്‍ട്ടിഗേറ്റ് അന്വേഷണത്തില്‍ ഫോട്ടോകള്‍ കൈയില്‍പെട്ടതായി സംശയം; എതിര്‍ത്ത് നില്‍ക്കുന്ന എംപിമാരെ ചാക്കിലാക്കാന്‍ ബോറിസ്

ഫിലിപ്പ് രാജകുമാരന്റെ മരണത്തെ തുടര്‍ന്ന് രാജ്യം ദുഃഖം ആചരിക്കുന്ന സമയം, സംസ്‌കാര ചടങ്ങുകള്‍ക്ക് 30 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സാക്ഷാല്‍ രാജ്ഞി ഒറ്റയ്ക്ക് ഇരുന്ന് ദുഃഖം അനുഭവിച്ച ഘട്ടം, പക്ഷെ ഈ സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ ജീവനക്കാര്‍ കുടിച്ച് കൂത്താടുകയായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് രാജ്ഞിയോട് മാപ്പ് ചോദിക്കേണ്ടി വന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിന് മുന്‍പുള്ള രാത്രിയില്‍ ഡൗണിംഗ് സ്ട്രീറ്റിലെ പാര്‍ട്ടി ഏഴ് മണിക്കൂര്‍ നീണ്ടതായാണ് വെളിപ്പെടുത്തല്‍, പുലര്‍ച്ചെ 1 മണി വരെ ആഘോഷം അവസാനിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍ഡോറില്‍ കൂടിച്ചേരലുകള്‍ വിലക്കിയ ഘട്ടത്തില്‍ ജീവനക്കാര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മദ്യപിച്ച് ആഘോഷിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ പാര്‍ട്ടിഗേറ്റ് വിവാദം അന്വേഷിക്കുന്ന സ്യൂ ഗ്രേയുടെ കൈയില്‍ എത്തിപ്പെട്ടെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്. വൈകുന്നേരം 6ന് തുടങ്ങിയ പാര്‍ട്ടിക്കിടെ മദ്യം ഓഫീസ് ഉപകരണങ്ങള്‍ക്ക് മുകളില്‍ വീഴുകയും, പിസകള്‍ എത്തിക്കുകയും, ഉച്ചത്തില്‍ സംഗീതം വെയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ബോറിസ് ജോണ്‍സന്റെ കുട്ടി വില്‍ഫിന്റെ സ്ലൈഡില്‍ ജീവനക്കാര്‍ മാറിമാറി കളിച്ചുരസിച്ചെന്നും പത്രം പറയുന്നു.

പാര്‍ട്ടിഗേറ്റ് അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് എതിരാകുമെന്ന ആശങ്കയില്‍ വിമതസ്വരം ഉയര്‍ത്തുന്ന ബാക്ക്‌ബെഞ്ച് എംപിമാരെ പാട്ടിലാക്കാനുള്ള ഒരുക്കത്തിലാണ് ബോറിസ്. ചില പാര്‍ട്ടി എംപിമാര്‍ നടത്തിയ അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഉന്നത സിവില്‍ സെര്‍വന്റ് അടുത്ത ആഴ്ച പുറത്തുവിടുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് പ്രധാനമന്ത്രിയുടെ ഭാവിയെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും സമ്മതിക്കുന്നു.

ബോറിസ് ഇംഗ്ലണ്ടിലെ കോവിഡ് വിലക്കുകള്‍ നീക്കിയത് വിവാദങ്ങളില്‍ നിന്നും തലയൂരാനാണെന്ന് വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് ആരോപിച്ചു. അതേസമയം ബോറിസിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് പ്രീമിയറിന് പിന്നില്‍ അണിനിരന്നു. പ്രധാനമന്ത്രി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ട്രസ് പ്രതികരിക്കുന്നത്.
Other News in this category4malayalees Recommends