വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കും ; കിരണിന് കുരുക്കായി സ്വന്തം ഫോണ്‍ റെക്കോഡുകള്‍

വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കും ; കിരണിന് കുരുക്കായി സ്വന്തം ഫോണ്‍ റെക്കോഡുകള്‍
കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ വിസ്മയ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന് കുരുക്കായി സ്വന്തം ഫോണ്‍ റെക്കോഡുകള്‍. തനിക്കെതിരെ വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്‍കിയാല്‍ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് കിരണ്‍ പറയുന്ന ഫോണ്‍ റെക്കോഡുകള്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹാജരാക്കി. കിരണിന്റെ സഹോദരി ഭര്‍ത്താവ് മുകേഷുമായുള്ള ഫോണ്‍ സംഭാഷണമാണിത്. വിസ്മയയെ മര്‍ദ്ദിച്ചെന്ന് കിരണ്‍ മുകേഷിനോട് പറയുന്ന ഫോണ്‍ സംഭാഷണവും കോടതിക്ക് മുന്നിലെത്തി.

സ്ത്രീധനത്തിന് വേണ്ടി കിരണ്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നെന്നതിന് തെളിവായാണ് ഈ രേഖകള്‍ ഹാജരാക്കിയത്. കിരണിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് ലഭിച്ച ഈ സംഭാഷണങ്ങള്‍ കോടതിയില്‍ നിര്‍ണായക തെളിവാവുകയാണ്. കിരണിന്റെ ഫോണിലെ എല്ലാം സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരണ്‍ അറിഞ്ഞിരുന്നില്ല. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ തന്നെ കിരണ്‍ മര്‍ദ്ദിക്കുന്നെന്ന് വിസ്മയ അമ്മയോട് പറഞ്ഞ ഫോണ്‍ സംഭാഷണങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

Other News in this category



4malayalees Recommends