ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു ; പരിക്കേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍

ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു ; പരിക്കേറ്റ മകള്‍ ഗുരുതരാവസ്ഥയില്‍
വയനാട് അമ്പലവയലില്‍ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ (10) ചികിത്സയില്‍ കഴിയുകയാണ്.

ജനുവരി 15നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ (38) ആസിഡ് ആക്രമണം നടത്തിയത്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. ആസിഡ് ആക്രമണത്തിന് ശേഷം സനല്‍കുമാര്‍ തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ യുവതിയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തച്ചത്. ലിജിതയും ഭര്‍ത്താവ് സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പോലീസ് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നത്.

ഒളിവില്‍ പോയ സനലിനെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ഭാഗത്തായി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് കരുതുന്നത്.

Other News in this category4malayalees Recommends