54 കാരനെ ആക്രമണത്തില്‍ നിന്ന് പൊതിഞ്ഞ് രക്ഷിച്ചു; എസ്‌ഐ കിരണ്‍ ശ്യാമിന് ആദരം

54 കാരനെ ആക്രമണത്തില്‍ നിന്ന് പൊതിഞ്ഞ് രക്ഷിച്ചു; എസ്‌ഐ കിരണ്‍ ശ്യാമിന് ആദരം
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ നിന്നും രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്‌പെക്ടറെ ആദരിച്ച് കേരളാ പോലീസ്. അരുവിക്കര എസ്‌ഐ കിരണ്‍ ശ്യാമാണ് സോഷ്യല്‍മീഡിയയില്‍ ഹീറോ ആയത്.

കിരണ്‍ ശ്യാമിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വച്ചാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പോലീസ് മേധാവി അനുമോദിച്ചത്.

തിരുവനന്തപുരം വിഎസ്എസ്സിയുടെ കാന്റീന്‍ ജീവനക്കാരനായിരുന്ന ആമച്ചല്‍, കാനാകോട് മിനികുമാര്‍(54) ആണ് മുന്‍കൂര്‍ അനുമതിയില്ലാതെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് എത്തിയത്.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനു മുന്നിലായിരുന്നു കിരണും 6 പോലീസുകാരും. നന്നായി വസ്ത്രം ധരിച്ച ഒരാള്‍ സ്റ്റേജിനടുത്തേക്കെത്തിയപ്പോള്‍ ആദ്യം സംശയം തോന്നിയില്ല. പക്ഷേ വേദിയിലേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് ഒച്ച വച്ചപ്പോള്‍ ബലംപ്രയോഗിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പ്രശ്‌നം ഉണ്ടായെന്നു കരുതി ജനം ക്ഷുഭിതരായി.

'ബഹളം ഉണ്ടാക്കിയ ആളിനു തടിയുള്ളതിനാല്‍ അവിടെനിന്നു പെട്ടെന്നു മാറ്റാന്‍ കഴിഞ്ഞില്ല. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തമായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുകളിലേക്കു കിടന്നത്. ഡ്യൂട്ടിയാണ് ചെയ്തത്, അതു ചെയ്യേണ്ടത് കടമയാണ്. അപ്പോള്‍ സ്വന്തം ശരീരമല്ല നോക്കേണ്ടത്. ആരായാലും അങ്ങനെ തന്നെ ചെയ്യണം. രക്ഷിച്ചയാളിനെ ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തെ പിന്നീടു കാട്ടാക്കട സ്റ്റേഷനിലേക്കു മാറ്റിയതിനാല്‍ കാണാന്‍ കഴിഞ്ഞില്ല.' കിരണ്‍ ശ്യാം പറയുന്നു.

Other News in this category4malayalees Recommends