കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി ; എം സ്വരാജും മുഹമ്മദ് റിയാസും സെക്രട്ടേറിയറ്റില്‍

കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി ; എം സ്വരാജും മുഹമ്മദ് റിയാസും സെക്രട്ടേറിയറ്റില്‍
തലമുറമാറ്റവുമായി സിപിഎം സംസ്ഥാനസമിതി. പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിതിന് പിന്നാലെ പുത്തന്‍ തലമുറയെയാണ് കൂടുതലായും പാര്‍ട്ടി സമിതിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തുടരും.

എം സ്വരാജും മുഹമ്മദ് റിയാസും സജി ചെറിയാനും വിഎന്‍ വാസവനും ആനാവൂര്‍ നാഗപ്പനും പികെ ബിജുവും പുത്തലത്ത് ദിനേശനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. 89 പേരുള്ള സമിതിയിലേക്ക് പി ശശി, ജോണ്‍ ബ്രിട്ടാസ്, ചിന്താ ജെറോം എഎ റഹീം, എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.

രാജു ഏബ്രഹാം, കെ അനില്‍ കുമാര്‍, പനോളി വിത്സണ്‍, വിപി സാനു എന്നിവരും സംസ്ഥാന സമിതിയിലുണ്ട് . സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. 75 വയസ് കഴിഞ്ഞ 14പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.88 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഒരാള്‍ കൂടി ചേര്‍ക്കപ്പെട്ട് 89 ആകും.

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. മറൈന്‍ ഡ്രൈവിലാണ് സമാപന സമ്മേളനം.



Other News in this category



4malayalees Recommends