കൊല്ലപ്പെട്ട യുഎസ് റാപ്പറിന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും

കൊല്ലപ്പെട്ട യുഎസ് റാപ്പറിന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും
കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. യുഎസ് റാപ്പര്‍ ഗൂന്യൂ എന്നറിയപ്പെട്ടിരുന്നു മാര്‍ക്കറ്റ് മോറോയുടെ മൃതദേഹമാണ് വേദിയില്‍ ചാരിനിര്‍ത്തി ബന്ധുക്കള്‍ ദുഖമാചരിച്ചത്.

ഞായറാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡിസിയിലുള്ള ബ്ലിസ് എന്ന നൈറ്റ് ക്ലബ്ബിലായിരുന്നു പരിപാടി. ദി ഫൈനല്‍ ഷോ എന്ന് പേരിട്ട പരിപാടിയില്‍ മോറോയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളില്‍ കണ്ണ് തുറന്നിരിക്കുന്ന രീതിയില്‍ മോറോയുടെ എംബാം ചെയ്ത മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തിയിരിക്കുന്നത് കാണാം.

ഡിസൈനര്‍ സ്വെറ്റ്ഷര്‍ട്ടിലും ജീന്‍സിലും ഒരുക്കിയിരിക്കുന്ന മൃതശരീരത്തിനെ വാച്ചും കിരീടവുമൊക്കെ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റിലുമായാണ് ആളുകള്‍ കൂടിനില്‍ക്കുന്നത്. ലേസര്‍ ലൈറ്റുകളുടെ പശ്ചാത്തലത്തില്‍ റാപ്പ് ഗാനങ്ങള്‍ക്ക് ഇവര്‍ ചുവട് വയ്ക്കുന്നുമുണ്ട്. നാല്പത് ഡോളറാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പരിപാടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു മൃതദേഹത്തെ ഇത്രയേറെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. വീഡിയോ വളരെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഒരു തരത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഗായകന് ഇതിലും നല്ലൊരു യാത്രയയപ്പ് നല്‍കാനാവില്ലെന്നാണ് വിമര്‍ശനങ്ങളോട് കുടുംബത്തിന്റെ പ്രതികരണം. നിശാക്ലബ്ബിലെ വേദിയില്‍ മോറോ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നും മാതാവ് പാട്രിക് മോറോ പ്രതികരിച്ചു.

കഴിഞ്ഞ മാസം മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെച്ച് വെടിയേറ്റാണ് മോറോ കൊല്ലപ്പെടുന്നത്. മോറോ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നും കഴുത്തിലെ ഡയമണ്ട് മാല നഷ്ടപ്പെട്ടിരുന്നുവെന്നും പാട്രിക് ആരോപിച്ചിരുന്നു

Other News in this category



4malayalees Recommends