ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 28 ന്; വിപുലമായ ഒരുക്കങ്ങള്‍..

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 28 ന്;  വിപുലമായ ഒരുക്കങ്ങള്‍..
ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 28 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നാലാമത് തീര്‍ത്ഥാടനം നടത്തപ്പെട്ടത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ലണ്ടന്‍ റീജിയന്‍ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തില്‍ നടന്നുവരുന്നത്.

ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാന നടക്കും. കുര്‍ബാനക്ക് ശേഷം കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും.

രൂപതയുടെ എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും.

ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തില്‍ പ്രശോഭിതവും കര്‍മ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ല്‍സ്‌ഫോര്‍ഡിലേക്ക് വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും തീര്‍ത്ഥാടകര്‍ക്കായി സ്‌നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. തിരുന്നാള്‍ പ്രസുദേന്തിയാകാന്‍ താല്പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

റവ. ഫാ. ടോമി എടാട്ട് (07448836131), ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ (07832374201), റോജോ കുര്യന്‍ (07846038034), ലിജോ സെബാസ്റ്റ്യന്‍ (07828874708)

അഡ്രസ്: The Friars, Aylesford Carmalite Priory, Kent ME20 7BX


വാര്‍ത്ത: ഫാ.ടോമി എടാട്ട്, പിആര്‍ഒ, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത





Other News in this category



4malayalees Recommends