വിലക്കയറ്റവും, ഏജഡ് കെയറുകളിലെ പ്രശ്‌നങ്ങളുമാണ് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്

വിലക്കയറ്റവും, ഏജഡ് കെയറുകളിലെ പ്രശ്‌നങ്ങളുമാണ് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്
വിലക്കയറ്റവും, ഏജഡ് കെയറുകളിലെ പ്രശ്‌നങ്ങളുമാണ് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് ഫെഡറല്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.കുതിച്ചുയര്‍ന്ന ജീവിത ചിലവും, ഏജഡ് കെയര്‍ മേഖലയിലെ ശമ്പള വര്‍ദ്ധനവുമടക്കമുള്ള പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. പഠനത്തില്‍ പങ്കെടുത്ത പത്തില്‍ ആറ് പേരും ഈ രണ്ട് വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളെക്കാളുപരി വോട്ടിംഗിനെ സ്വാധീനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥ, ചികിത്സാ ചെലവുകള്‍, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് വോട്ടിംഗിനെ സ്വാധീനിക്കുന്ന മറ്റ് പ്രധാന വിഷയങ്ങള്‍.

ലിബറല്‍ സഖ്യത്തിന്റെയും, ലേബര്‍ പാര്‍ട്ടിയുടെയും പ്രൈമറി വോട്ടിംഗ് പിന്തുണ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ കുറഞ്ഞതായും സര്‍വ്വേ പറയുന്നു.

ജനുവരിയില്‍ 31.7% ആയിരുന്ന ലിബറല്‍ സഖ്യത്തിന്റെ വോട്ടിംഗ് പിന്തുണ ഏപ്രില്‍ മാസത്തോടെ 31.2% ആയി കുറഞ്ഞു. ജനുവരിയില്‍ 36.3% ആയിരുന്ന ലേബര്‍ പാര്‍ട്ടിയുടെ പ്രൈമരി വോട്ടിംഗ് പിന്തുണ 34.3% ആയും കുറഞ്ഞിട്ടുണ്ട്.

അതേ സമയം ഗ്രീന്‍സ് പാര്‍ട്ടിയുടെ വോട്ടിംഗ് പിന്തുണ കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ വര്‍ദ്ധിച്ചതായും സര്‍വ്വേ വ്യക്തമാക്കുന്നു. 14.2% ആയിരുന്ന വോട്ടിംഗ് പിന്തുണ 16.2% ആയാണ് ഉയര്‍ന്നിരിക്കുന്നത്.

പണപ്പെരുപ്പം പിടിച്ച് നിറുത്തുന്നതിനായി ക്യാഷ് റേറ്റ് 0.35% ആയി ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം, ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കിയെന്നാണ് പഠനത്തില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 64.7% പേര്‍ ജീവിതച്ചെലവ് കുറയ്ക്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് അഭിപ്രായപ്പെട്ടു.

ഏജഡ് കെയര്‍ സംവിധാനം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായം 60.1% മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏജഡ് കെയര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 43.2%വും ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ജനുവരി മുതല്‍ തുടരുന്ന സര്‍വ്വേയില്‍ 3,500 ലേറെ ആളുകളാണ് പങ്കെടുത്തത്.




Other News in this category



4malayalees Recommends