സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷം; ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷം; ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെ. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കാനായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് വീണ്ടും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം സംഘടിപ്പിച്ച പണിമുടക്കില്‍ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നു. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. വ്യവസായ തൊഴിലാളികള്‍ ഫാക്ടറികള്‍ക്ക് പുറത്ത് പ്രകടനം നടത്തുകയും സര്‍ക്കാരിനെതിരായ രോഷം പ്രകടിപ്പിച്ച് രാജ്യത്തുടനീളം കരിങ്കൊടികള്‍ തൂക്കുകയും ചെയ്തു.

1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പൊതുജന രോഷം തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രാജ്യത്ത് മാസങ്ങളോളമായി ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്.

പ്രതിസന്ധി രൂക്ഷമാകുമ്പോഴും രാജി വയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ.

Other News in this category



4malayalees Recommends