തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയതിലൂടെ ഉണ്ടായത് വന്‍ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയതിലൂടെ ഉണ്ടായത് വന്‍ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയത് കാരണമുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. പൊതുജനങ്ങള്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.

നിരവധി ലേനുകളുള്ള ഹൈവേയിലൂടെ പോകുന്ന വാഹനത്തിന് ചില തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റോഡിന്റെ മദ്ധ്യഭാഗത്തായി നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. വാഹനം നിര്‍ത്തുമ്പോള്‍ തന്നെ ഡ്രൈവര്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്!തിരുന്നു. തൊട്ടുപിന്നാലെയെത്തിയ ഏതാനും വാഹനങ്ങള്‍ അപകടമുണ്ടാക്കാതെ വശങ്ങളിലൂടെ മുന്നോട്ട് നീങ്ങി.

എന്നാല്‍ അല്‍പസമയത്തിന് ശേഷം പിന്നാലെയെത്തിയ ഒരു വാന്‍ ഈ കാറിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തേക്ക് നീങ്ങി മറ്റൊരു ലേനിലെത്തിയ കാര്‍, അവിടെ വേറൊരു കാറുമായി കൂട്ടിയിടിച്ചു. അതുകൊണ്ടും അവസാനിക്കാതെ പിന്നാലെയെത്തിയ മറ്റൊരു കാര്‍ രണ്ടാമത്തെ കാറിനെയും ഇടിച്ച് തെറിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഒരു കാരണവശാലും വാഹനങ്ങള്‍ റോഡിന്റെ മദ്ധ്യഭാഗത്ത് നിര്‍ത്തരുതെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് മൂന്നറിയിപ്പ് നല്‍കി. അത്യാവശ്യ സാഹചര്യമുണ്ടായാല്‍ റോഡിന്റെ വശങ്ങളിലുള്ള സുരക്ഷിതമായൊരു സ്ഥാനത്തേക്ക് മാറ്റി വാഹനം നിര്‍ത്തണം. വാഹനം നീങ്ങാത്ത സ്ഥിതിയാണെങ്കില്‍ എത്രയും വേഗം പൊലീസിന്റെ കണ്‍ട്രോള്‍ സെന്ററില്‍ വിളിച്ച് സഹായം തേടണമെന്നും അറിയിപ്പില്‍ പറയുന്നു.

Other News in this category



4malayalees Recommends