ജൂലൈയില്‍ കാനഡയിലേക്ക് നടത്തുന്ന സന്ദര്‍ശനത്തില്‍ പോപ്പ് ഫ്രാന്‍സിസ് മുന്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെത്തും. സ്വദേശി വിഭാഗങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് സംഘാടകര്‍ അറിയിച്ചു.
85-കാരനായ പോപ്പ് എഡ്മണ്ടന്, ക്യുബെക് സിറ്റി, ഇക്വാലൂയ്റ്റ് എന്നിവിടങ്ങളിലാണ് ജൂലൈ 24 മുതല്‍ ജൂലൈ 29 വരെയുള്ള സന്ദര്‍ശനത്തില്‍ എത്തിച്ചേരുക.
കഴിഞ്ഞ മാസം ഇറ്റലിയില്‍ വെച്ച് കാനഡയിലെ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അരങ്ങേറിയ ക്രൂരതകളില്‍ റോമന്‍ കാത്തലിക് ചര്‍ച്ചിനുള്ള പങ്കില്‍ പോപ്പ് ചരിത്രപരമായ മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ സന്ദര്‍ശനം.
ഒരു മുന്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സൈറ്റിലും, സുപ്രധാന ഇടങ്ങളിലും പോപ്പ് സന്ദര്‍ശിക്കുമെന്ന് എഡ്മണ്ടന് ആര്‍ച്ച്ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത് പറഞ്ഞു.
റോമില്‍ വെച്ച് നടത്തിയ മാപ്പ് അപേക്ഷ ഇവിടെ അദ്ദേഹം ആവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് കനേഡിയന്‍ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സിന്റെ യാത്രാ കോര്‍ഡിനേറ്റര്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.