ഇരുപതാം വയസില്‍ ഭര്‍ത്താവിനെ നഷ്ടമായി; മകളെ പോറ്റാന്‍ ആണ്‍വേഷത്തില്‍ മുപ്പത് വര്‍ഷം

ഇരുപതാം വയസില്‍ ഭര്‍ത്താവിനെ നഷ്ടമായി; മകളെ പോറ്റാന്‍ ആണ്‍വേഷത്തില്‍ മുപ്പത് വര്‍ഷം
ഭര്‍ത്താവിനെ നഷ്ടമായതിനെ തുടര്‍ന്ന് മകളെ പോറ്റാനായി മുപ്പത് വര്‍ഷം ആണ്‍വേഷത്തില്‍ ജീവിച്ച പേച്ചിയമ്മാളുടെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുപതാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മകളെ വളര്‍ത്താന്‍ മുത്തുവെന്ന പേരില്‍ അച്ഛനായി ജീവിച്ച ഒരമ്മയെ കുറിച്ചുള്ള വാര്‍ത്ത ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കന്‍പട്ടി ഗ്രാമത്തില്‍ കാലങ്ങളായി മുത്തുവെന്ന പേരില്‍ ആണായി ജീവിക്കുന്ന എസ്.പേച്ചിയമ്മാളുടെ ഈ വെളിപ്പെടുത്തല്‍ നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ 57 വയസുകാരിയായ ഇവര്‍ക്കു തന്റെ ചെറുപ്രായത്തില്‍ വിധവയാകുകയും ഒരു കുട്ടിയുടെ അമ്മയാകുകയും ചെയ്തതോടെ വലിയ വെല്ലുവിളി നേരിടേണ്ടിവന്നിരുന്നു. പേച്ചിയമ്മയുടെ സമുദായത്തില്‍ പുരുഷാധിപത്യം ശക്തമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് പുറത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുവാന്‍ അനുവദിച്ചിരുന്നില്ല.

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ പേച്ചിയമ്മാള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് ചെയ്തത് തെറ്റാണെന്ന് ആരോപിച്ച് സമുദായത്തിലുള്ളവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെ തന്റെ സ്ത്രീത്വത്തിന്റെ അടയാളമായ വസ്ത്രവും, മുടിയുമെല്ലാം ഉപേക്ഷിച്ച് പുരുഷനാവാന്‍ പേച്ചിയമ്മാള്‍ തീരുമാനിക്കുകയായിരുന്നു. തിരുച്ചെന്തൂരിലെ മുരുകന്‍ ക്ഷേത്രത്തിലെത്തി മുടി വെട്ടി. ഷര്‍ട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതില്‍ മുരുകന്റെ ചിത്രവും സ്ഥിര വേഷമാക്കി മുത്തുവായി മാറി.

പല പണിയിടങ്ങളിലും 'അണ്ണാച്ചി' എന്ന പേരിലാണ് പുരുഷനെന്ന് ധരിച്ച് ആളുകള്‍ വിളിച്ചിരുന്നത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍, ഹോട്ടലുകള്‍, ചായക്കടകള്‍ എന്നിങ്ങനെ പല സ്ഥലങ്ങളില്‍ ജോലി ചെയ്ത പേച്ചയമ്മ മകള്‍ക്ക് വേണ്ടതെല്ലാം വാങ്ങി നല്‍കി. പെയിന്റര്‍, ടീ മാസ്റ്റര്‍, പറോട്ടാ മേക്കര്‍ എന്നീ ജോലികളാണ് അവര്‍ ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പ് ലഭിച്ച തൊഴിലുറപ്പു പദ്ധതി രേഖയില്‍ ഒഴികെ, ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ഉള്‍പ്പെടെ എല്ലാത്തിലും പേര് മുത്തുവെന്നാണ് നല്‍കിയിട്ടുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ സത്യം അറിയാമായിരുന്നുള്ളൂ

ഷണ്‍മുഖ സുന്ദരിയെന്നാണ് മകളുടെ പേര്. മകളുടെ വിവാഹവും അവര്‍ നടത്തി. തന്റെ ഏക ആശ്രയമായ മകളെ സുരക്ഷിതമായ ഇടത്ത് എത്തിക്കുവാന്‍ സഹായിച്ചത് മുത്തു എന്ന വേഷമായതിനാല്‍ മുത്തുവായി തന്നെ തുടര്‍ന്ന് ജീവിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.Other News in this category4malayalees Recommends