അമേരിക്കയില്‍ വെടിവയ്പ്പുകള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ കാലിഫോര്‍ണിയയിലെ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാലിഫോര്‍ണിയയിലെ പ്രസ് ബൈറ്റീരിയന്‍ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്. പരിക്കേറ്റ അഞ്ച് പേരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ലഗൂന വുഡ്സ് എന്ന പ്രദേശത്തെ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്. റിട്ടയര്‍മെന്റ് കഴിഞ്ഞ ആളുകളാണ് ഇവിടെ താമസിക്കുന്നവരില്‍ കൂടുതലും. പള്ളിയിലെത്തിയ ഭൂരിഭാഗം ആളുകളും മുതിര്‍ന്ന പൗരന്മാരായിരുന്നു. മരിച്ചയാളും പരിക്കേറ്റവരും മുതിര്‍ന്ന പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്.അക്രമിയെ പള്ളിയില്‍ ഇവര്‍ കൂട്ടം ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. പോലീസെത്തുന്ന വരെ ഇയാളെ ഇലക്ട്രിക് വയര്‍ ഉപയോഗിച്ച കാലുകള്‍ ബന്ധിച്ചാണ് ആളുകള്‍ തടഞ്ഞു വച്ചിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധവും കണ്ടെടുത്തിട്ടുണ്ട്.
ഏഷ്യക്കാരനായ അറുപതുകാരനാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് പേരെ പതിനെട്ടുകാരന് വെടിവെച്ച് കൊന്ന സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് ഈ വെടിവെയ്പ്പുണ്ടായിരിക്കുന്നത്.
അനധികൃത വെടിവെയ്പ്പിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ചത് പതിനെട്ടുകാരന്റെ വംശീയ വെറിയെന്ന് യുഎസ് പൊലീസ്. ബഫലോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രധാന കേന്ദ്രമായ ടോപ്സ് ഫ്രണ്ട്ലി മാര്‍ക്കറ്റിലാണ് കഴിഞ്ഞദിവസം വെടിവെയ്പ്പ് നടന്നത്. കൂട്ടക്കൊല നടത്തിയ ന്യൂയോര്‍ക്ക് കോണ്‍ക്ലിന്‍ സ്വദേശി പെയ്റ്റണ് ജെന്‍ഡ്രോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ വെളുത്തവര്ഗക്കാരന് വെടിവെച്ച പതിമൂന്നില്‍ 11 പേരും കറുത്തവര്‍ഗക്കാരായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.

പ്രതി ഉച്ചതിരിഞ്ഞ് രണ്ടരയോടെ മാര്‍ക്കറ്റില്‍ എത്തിയെന്നും ഇയാള്‍ ആയുധധാരിയായിരുന്നെന്നും ഡിസ്റ്റ്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ജെ ഫ്ലിന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇയാള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള ടാക്റ്റിക്കല്‍ ഗിയറും ഹെല്‍മറ്റും ധരിച്ചിരുന്നുവെന്നും ക്യാമറ ഉപയോഗിച്ച് തന്റെ പ്രവര്‍ത്തികള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നുവെന്നും കുറിപ്പിലുണ്ട്.കുറ്റകൃത്യത്തിന്റെ പേരില്‍ പിടിയിലായ പെയ്റ്റണിന് ബഫലോയിലെത്താന് സ്വദേശമായ കോണ്‍ക്ലിനില്‍ നിന്നും മൂന്നര മണിക്കൂറോളം സഞ്ചരിക്കേണ്ടതുണ്ട്. ഇയാള്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടുമില്ല.
വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 180 പേജുകളുള്ള മാനിഫെസ്റ്റോ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ആക്രമണം നടന്ന് പ്രതിയെക്കുറിച്ച് അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ മാനിഫെസ്റ്റോ. പ്രതി വളരെ മുമ്പ് തന്നെ ആയുധങ്ങള്‍ വാങ്ങിയിരുന്നുവെന്നും എന്നാല്‍ ജനുവരി വരെ ആക്രമണത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നില്ലെന്നും ഇതില്‍ പറയുന്നു. വെള്ളക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായും, വെള്ളക്കാരുടെ വംശീയവും സാംസ്കാരികവുമായ കാര്യങ്ങള്‍ക്ക് മാറ്റം വരുന്നതായും മാനിഫസ്റ്റോയിലുണ്ട്.2019 ല്‍ ന്യൂസിലാന്‍ഡിലെ പള്ളികളില്‍ 51 പേരെ കൂട്ടക്കൊല ചെയ്ത ബ്രണ്ടന്‍ ടറന്റ് എന്ന തോക്കുധാരിയുടെ അതേ വിദ്വേഷ ഗൂഢാലോചന സിദ്ധാന്തം തന്നെയാണ് പ്രതിയിലും കാണുന്നതെന്നും മാനിഫെസ്റ്റോയില്‍ പരാമര്‍ശമുണ്ട്.