ഇന്ത്യയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സവിശേഷതയാണ് ജാതിവ്യവസ്ഥ. പരമ്പരാഗതമായി മുന്തിയതെന്നും, പിന്നോക്കമെന്നും കണക്കാക്കി ജാതിവ്യവസ്ഥ നടപ്പാക്കിയ സമൂഹമാണ് ഇന്ത്യയിലേത്. വിവിധ ജോലികളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ രീതി പിന്നീട് മേല്‍ത്തട്ടുകാര്‍ തങ്ങളുടെ ഹിതമനുസരിച്ച് മറ്റുള്ളവരെ അടിച്ചമര്‍ത്താനുള്ള വഴിയാക്കി മാറ്റുകയായിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ പോലും ജാതിവ്യവസ്ഥ തള്ളപ്പെടുമ്പോള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ ഈ മനസ്ഥിതി വെച്ചുപുലര്‍ത്തുകയാണ്. കാനഡയിലെത്തുന്ന ഇന്ത്യക്കാര്‍ അവിടെയുള്ള ഇന്ത്യക്കാരില്‍ നിന്ന് തന്നെ ജാതീയമായ വേര്‍തിരിവ് അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യുഎസില്‍ സമാനമായ പ്രശ്നം നേരിട്ടപ്പോള്‍ ജാതിവ്യവസ്ഥയുടെ പേരിലുള്ള വിവേചനം ഒഴിവാക്കാന്‍ ഇത് നയങ്ങളില്‍ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഒട്ടാവയിലെ കാള്‍ടണ്‍ യൂണിവേഴ്സിറ്റിയാണ് ഇത് വിവേചനപരമായ നടപടിയാണെന്ന് പ്രമേയം പാസാക്കിയിരിക്കുന്നത്.
ദളിത് വിഭാഗങ്ങളില്‍ പെട്ട ഇന്ത്യക്കാര്‍ക്ക് നേരെയാണ് കാനഡയിലുള്ള മുന്തിയ വിഭാഗങ്ങളെന്ന് അവകാശപ്പെടുന്ന ഇന്ത്യക്കാര്‍ വിവേചനം കാണിക്കുന്നത്. കുടിയേറ്റക്കാരെ ഈ പ്രശ്നം സാരമായി ബാധിക്കുമെന്ന് കാള്‍ടണ്‍ യൂണിവേഴ്സിറ്റിയെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ചിന്നൈയാ ജാന്ഗാം ചൂണ്ടിക്കാണിച്ചു.
ബ്രാഹ്മിണ്‍ വിഭാഗങ്ങളുടെ മാത്രമായ ചില ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉള്ളത് ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറുമ്പോള്‍ ജാതിവ്യവസ്ഥ ലോകത്തിന്റെ പ്രശ്നമായി മാറുമെന്ന് ഇന്ത്യന്‍ ഭരണഘടന എഴുതിയ ഡോ. ബി ആര് അംബേദ്കര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.