അമ്മയ്‌ക്കൊപ്പം കടയില്‍ പൊറോട്ടയടിച്ച അനശ്വര ഇനി അഭിഭാഷക

അമ്മയ്‌ക്കൊപ്പം കടയില്‍ പൊറോട്ടയടിച്ച അനശ്വര ഇനി അഭിഭാഷക
ഉപജീവനമാര്‍ഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ എരുമേലിയിലെ അനശ്വര ഇനി അഡ്വക്കേറ്റ് അനശ്വരയാണ്. എല്‍എല്‍ബി പഠനത്തിനിടെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള ഹോട്ടലില്‍ അമ്മയ്‌ക്കൊപ്പം പൊറോട്ട നിര്‍മാണത്തില്‍ സജീവ പങ്കാളിയായി മാറിയ പുത്തന്‍കൊരട്ടി അനശ്വര കഴിഞ്ഞ ദിവസമാണു ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തത്. അമ്മയൊടൊപ്പം അനായാസം പൊറോട്ട നിര്‍മിക്കുന്ന അനശ്വരയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

എരുമേലികാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടിക്കാന്‍ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അല്‍പം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാള്‍ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വര ഈ പണി നല്ല വെടിപ്പായി ചെയ്യും.

അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. അനശ്വരയ്‌ക്കൊപ്പം സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും.

അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ഹോട്ടലില്‍ സജീവമായി രംഗത്തുണ്ട്. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള തറവാട്ടുവീട്ടിലാണ് ഇവരുടെ താമസം.


Other News in this category



4malayalees Recommends