ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം; ഭാര്യ സുമേറയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ്

ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം; ഭാര്യ സുമേറയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ്
രാജസ്ഥാന്‍ മരുഭൂമിയില്‍ പരിശീലനത്തിനിടെ കൊല്ലപ്പെട്ട മലയാളി ബൈക്ക് റേസിങ് താരത്തിന്റെ ഭാര്യയെ കേസില്‍ അറസ്റ്റ് ചെയ്തു. ന്യൂമാഹി മങ്ങാട് വേലായുധന്‍മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുമേറ പര്‍വേസ് അറസ്റ്റിലായത്.

ബംഗളൂരു ആര്‍ടിനഗറില്‍ താമസിക്കുന്ന സുമേറ പര്‍വേസിനെ സഞ്ജയ് നഗറില്‍നിന്ന് രാജസ്ഥാന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ പ്രതിയായ അഷ്ബാഖിന്റെ മാനേജര്‍ അബ്ദുള്‍സാദിറിനെ പിടികൂടാനുണ്ട്. കേസില്‍ രണ്ടുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഷ്ബാഖിന്റെ റേസിങ് ടീമിലെ അംഗങ്ങള്‍ കര്‍ണാടക സ്വദേശികളായ സഞ്ജയ്, വിശ്വാസ് എന്നിവരാണ് നേരത്തേ പിടിയിലായത്. സുമേറ പര്‍വേസും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്.

2018 ഓഗസ്റ്റ് 16ന് രാജസ്ഥാനിലെ ജെയ്‌സാല്‍മേറില്‍ റേസിങ് പരിശീലനത്തിനിടെ അഷ്ബാഖിനെ മരിച്ച നിലയില്‍ കണ്ടത്. മരുഭൂമിയില്‍ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ അഷ്ബാഖ് വെള്ളം കിട്ടാതെ നിര്‍ജ്ജലീകരണം സംഭവിച്ച് മരിച്ചെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ കണ്ടെത്തല്‍. പിന്നീട് ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ പൊലീസ് കേസ് പുനരന്വേഷണം നടത്തുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്.അവിടെനിന്നാണ് കുടുംബസമേതം ബംഗളൂരുവിലെത്തിയത്. റേസിങില്‍ അതീവ തല്‍പരനായിരുന്ന അ്ബാഖ് റേസിങിനായി ഭാര്യ സുമേറ, സാബിഖ്, കര്‍ണാടകക്കാരായ സഞ്ജയ്, വിശ്വാസ്, നീരജ്, സന്തോഷ് എന്നിവര്‍ക്കൊപ്പമാണ് ജയ്‌സാല്‍മേറിലെത്തിയത്.

അതേസമയം, അഷ്ബാഖിന്റെ കുടുംബം മാഹിയിലുണ്ടായിട്ടും മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ അതിവേഗം കബറടക്കിയിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് അഷ്ബാഖിന്റെ സഹോദരന്‍ ടികെ അര്‍ഷാദും മാതാവ് സുബൈദയും പുനരന്വേഷണത്തിനായി ആവശ്യം ഉന്നയിച്ചിരുന്നു.

യുവാവ് മരിച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ടില്‍നിന്ന് 68 ലക്ഷം രൂപ പിന്‍വലിച്ചതും സംശയത്തിനിടയാക്കി. ഇതോടെയാണ് നീതി തേടി ബംഗളൂരുവില്‍ വ്യാപാരിയായ സഹോദരനും മാതാവും മൂന്നുവര്‍ഷമായി നടത്തിയ നിയമയുദ്ധം നടത്തിയിരുന്നത്. ഒടുവില്‍ രാജസ്ഥാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

Other News in this category4malayalees Recommends