രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍

രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍
രാത്രി സമയത്തും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നവീന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനവും, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉത്പാദനവുമെല്ലാം സജീവ ചര്‍ച്ചയാകുന്ന സമയത്താണ്, വിപ്ലവകരമായ പുതിയ കണ്ടുപിടിത്തം നടത്തിയതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ശാസ്ത്രസംഘം വ്യക്തമാക്കിയിരിക്കുന്നത്.

രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ലോകത്ത് തന്നെ ആദ്യമായാണ് വികസിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസോസിയേറ്റ് പ്രൊഫസര്‍ നെഡ് എകിന്‍സ്‌ഡോക്‌സ് അവകാശപ്പെട്ടു.

സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫോട്ടോവോള്‍ട്ടായിക് ആന്റ് റിന്യൂവബിള്‍ എനര്‍ജി എഞ്ചിനീയറിംഗാണ് രാത്രിയില്‍ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തില്‍ വിജയിച്ചത്.

സൗരോര്‍ജ്ജം ഉത്പാദിപ്പിക്കണമെങ്കില്‍ സൂര്യപ്രകാശം വേണം എന്നതാണ് നിലവിലുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനതത്വം.എന്നാല്‍, സൂര്യനസ്മതിക്കുമ്പോള്‍ പ്രകാശം നഷ്ടമാകുമെങ്കിലും, സൂര്യതാപം ഭൂമിയില്‍ തന്നെയുണ്ട് എന്ന് അസോസിയേറ്റ് പ്രൊഫസര്‍ എകിന്‍സ്‌നോക്‌സ് ചൂണ്ടിക്കാട്ടുന്നു.ഈ സൂര്യതാപം വൈദ്യുതോര്‍ജ്ജമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് സംഘം വികസിപ്പിച്ചിരിക്കുന്നത്.

പകല്‍ സമയം സൂര്യതാപം ഏറ്റ് ഭൂമി ചൂടാവുകയും, രാത്രിയില്‍ ആ താപം ഭൂമി അന്തരീക്ഷത്തിലേക്ക് തിരിച്ച് പ്രസരിപ്പിക്കുകയുമാണ് ചെയ്യുന്നത്.ഭൂമിയില്‍ നിന്ന് തിരികെ അന്തരീക്ഷത്തിലേക്കെത്തുന്ന ഈ താപ വികിരണം വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയും എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ക്കൊപ്പം ഭൂമിയില്‍ നിന്ന് തിരികെ അന്തരീക്ഷത്തിലേക്ക് പ്രസരിക്കുന്ന ഫോട്ടോണ്‍ കണങ്ങളെ ഈ ഡയോഡ് പിടിച്ചെടുക്കുകയും, വൈദ്യുതിയാക്കി മാറ്റുകയും ചെയ്യുന്നു.

വളരെ നേരിയ അളവിലുള്ള വൈദ്യുതി മാത്രമാണ് പരീക്ഷണഘട്ടത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞതെന്ന് എസിഎസ് ഫോട്ടോണിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഏതൊരു പുതിയ സാങ്കേതിക വിദ്യയുടെയും തുടക്കം ഇങ്ങനെ തന്നെയാണെന്നും, ഇത്തരം വൈദ്യുതി ഉത്പാദനത്തിന്റെ സാധ്യത വെളിവാക്കുകയാണ് ഈ പഠനം ചെയ്യുന്നതെന്നും പ്രൊഫസര്‍ എകിന്‍സ്‌ഡോക്‌സ് പറഞ്ഞു.

ഈ സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ സോളാര്‍ പാനലുകളില്‍ അതു കൂടി ഉപയോഗിക്കാമെന്നും, രാത്രികാലത്തും വൈദ്യുതി ഉത്പാദനം സാധ്യമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, അതിന് 'കുറച്ചുകാലം' കാത്തിരിക്കേണ്ടി വരും എന്നാണ് അദ്ദേഹം പറയുന്നത്.

Other News in this category



4malayalees Recommends