ഓസ്ട്രേലിയയില്‍ പലിശ നിരക്ക് വര്‍ദ്ധന ഇനിയും ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുന്ന ഘട്ടത്തിലാണ് ഈ നടപടി.
മെയ് 3-നാണ് റിസര്‍വ് ബാങ്ക് ഇതിന് മുന്‍പ് ഔദ്യോഗിക പലിശ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. 2010ന് ശേഷം ആദ്യമായായിരുന്നു നടപടി. 0.1 ശതമാനത്തില്‍ നിന്നും 0.35 ശതമാനത്തിലേക്കായിരുന്നു വര്‍ദ്ധന.
പണപ്പെരുപ്പം റോക്കറ്റ് വേഗത്തില്‍ കുതിച്ച് വാര്‍ഷിക നിരക്ക് 5.1 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. രണ്ട് ദശകത്തിനിടെ കാണാത്ത വേഗത്തിലാണ് വിലവര്‍ദ്ധന. ആര്‍ബിഎയുടെ മെയ് ബോര്‍ഡ് യോഗത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഇത് പ്രകാരം ജൂണ്‍, ജൂലൈ, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
2023 ഫെബ്രുവരിയില്‍ മറ്റൊരു വര്‍ദ്ധനവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈയാഴ്ച പുറത്തുവരുന്ന ശമ്പള, ലേബര്‍ ഫോഴ്സ് ഡാറ്റ പ്രകാരമാകും ജൂണിലെ വര്‍ദ്ധനവെന്ന് സിബിഎ വ്യക്തമാക്കി.
ഈ മാസത്തെ ചരിത്രപരമായ വര്‍ദ്ധനവ് ഓസ്ട്രേലിയയിലെ എല്ലാ ബാങ്കുകളും ഏറ്റെടുക്കുകയും, മണിക്കൂറുകള്‍ക്കുള്ളില്‍ പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.