ഏപ്രില്‍ മാസത്തിലെ എനര്‍ജി പ്രൈസ് ക്യാപ് ഉയര്‍ത്തല്‍ ജനങ്ങള്‍ക്ക് സമ്മാനിച്ച ആഘാതം ഒട്ടും ചെറുതല്ല. ഇപ്പോഴും ഇതിന്റെ വേദനയില്‍ നിന്നും ജനം മുക്തമായിട്ടില്ല. നിലവിലെ രീതിയില്‍ ആറ് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ് വ്യത്യാസം വരുത്തുന്നത്. ഇത് പ്രകാരം വരുന്ന ഒക്ടോബറില്‍ ക്യാപ് ഉയര്‍ത്താനും, മറ്റൊരു ആഘാതം സമ്മാനിക്കാനും സാധ്യത ബാക്കിനില്‍ക്കവെയാണ് റെഗുലേറ്ററായ ഓഫ്ജെം മറ്റൊരു ബോംബുമായി വരുന്നത്.
ഒക്ടോബര്‍ മുതല്‍ എനര്‍ജി ബില്‍ ക്യാപ് മൂന്ന് മാസം കൂടുമ്പോള്‍ പുനഃപ്പരിശോധിക്കാനുള്ള പദ്ധതിയാണ് ഓഫ്ജെം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ നിരക്ക് കുറയുമെന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്നത് തങ്ങളുടെ മുന്‍ഗണന അല്ലെന്നാണ് റെഗുലേറ്റര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
മാന്യമല്ലാത്ത നിരക്കുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാക്കിയ പദ്ധതി മൂന്ന് മാസത്തില്‍ ഒരിക്കല്‍ പുതുക്കുമെന്നാണ് ഓഫ്ജെം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ലാഭകരമായ ഡീലുകള്‍ ഓഫര്‍ ചെയ്യുന്ന സപ്ലൈയേഴ്സിന് 'മാര്‍ക്കറ്റ് സ്റ്റെബിലൈസേഷന്‍ ചാര്‍ജ്ജ്' വഴി ശിക്ഷിക്കാനും ഓഫ്ജെം തയ്യാറെടുക്കുന്നു.
ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 2800 പൗണ്ടിലേക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതിനകം പ്രവചിച്ചിട്ടുണ്ട്. വാര്‍ഷിക സ്റ്റേറ്റ് പെന്‍ഷന്റെ കാല്‍ശതമാനവും, ഒരു വ്യക്തിയുടെ യൂണിവേഴ്സല്‍ ക്രെഡിറ്റ് തുകയുടെ 75 ശതമാനവും വരും ഈ വര്‍ദ്ധന.
ഓഫ്ജെം പദ്ധതി പ്രകാരം ജനുവരിയില്‍ മറ്റൊരു ബില്‍ വര്‍ദ്ധനവും ജനങ്ങള്‍ക്ക് താങ്ങേണ്ടി വരും. വിന്റര്‍ മധ്യത്തിലാകും ഈ തിരിച്ചടി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നാല്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ കൈമാറാമെന്നാണ് റെഗുലേറ്ററുടെ ന്യായമെങ്കിലും തിരിച്ചാകും സംഭവിക്കുകയെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.