കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്! കാനഡയുടെ ഇരുള്‍ നിറഞ്ഞ ഭൂതകാലവുമായി പൊരുത്തപ്പെടേണ്ടത് ആവശ്യം; തദ്ദേശീയ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന ക്രൂരതകള്‍ക്ക് മാപ്പ് പറയണമെന്ന് സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജകുമാരന് മേല്‍ സമ്മര്‍ദം

കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്! കാനഡയുടെ ഇരുള്‍ നിറഞ്ഞ ഭൂതകാലവുമായി പൊരുത്തപ്പെടേണ്ടത് ആവശ്യം; തദ്ദേശീയ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന ക്രൂരതകള്‍ക്ക് മാപ്പ് പറയണമെന്ന് സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് രാജകുമാരന് മേല്‍ സമ്മര്‍ദം

കാനഡയുടെ ഭൂതകാലത്തിലെ ഇരുളും, ബുദ്ധിമുട്ടും നിറഞ്ഞ ഏടുകളുമായി പൊരുത്തപ്പെടാന്‍ പുതിയ വഴികള്‍ തേടാന്‍ സമയമായെന്ന് ചാള്‍സ് രാജകുമാരന്‍. മൂന്ന് ദിവസത്തെ കാനഡ സന്ദര്‍ശനത്തിന് എത്തിയ ബ്രിട്ടീഷ് രാജകുമാരന്‍ വിവാദമായ ഭൂതകാലത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തു.


ന്യൂഫൗണ്ട്‌ലാന്‍ഡ് & ലാബ്രഡോറിലെ കോണ്‍ഫെഡറേഷന്‍ ബില്‍ഡിംഗിലെ വരവേല്‍പ്പ് ചടങ്ങിലായിരുന്നു ചാള്‍സിന്റെ വാക്കുകള്‍. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ചാള്‍സും, ഭാര്യ കാമില്ലയും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയത്.

കാനഡയിലെ തദ്ദേശീയ ജനസമൂഹത്തിന് നേര്‍ക്ക് നടന്ന ക്രൂരതകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പേരില്‍ മാപ്പ് പറയണമെന്ന് ചാള്‍സിന് മേല്‍ സമ്മര്‍ദം ഉയരുന്നുണ്ട്. ബുധനാഴ്ച ഭാവി രാജാവിനെ നേരില്‍ കാണുമ്പോള്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് മെറ്റിസ് പീപ്പിള്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് കാസിഡി കാരോണ്‍ വ്യക്തമാക്കി.

കരീബിയന്‍ ദ്വീപുകളില്‍ രാജകുടുംബത്തില്‍ നിന്ന് നടത്തിയ രണ്ട് സന്ദര്‍ശനങ്ങളും ഈ വിഷയത്തിന്റെ പേരില്‍ വിവാദത്തിലായിരുന്നു. ഈ ഘട്ടത്തിലും കാനഡയിലെത്തിയ ചാള്‍സിനും, കാമില്ലയ്ക്കും ഹൃദ്യമായ വരവേല്‍പ്പ് ലഭിച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇവരെ സ്വീകരിച്ചത്.

യുകെ കാനഡയുമായി സൗഹൃദ ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ്. ബ്രിട്ടീഷ് രാജ്ഞിയാണ് ഇപ്പോഴും ഇവിടുത്തെ സ്‌റ്റേറ്റ് ഹെഡ്. എന്നാല്‍ മുന്‍പ് ചര്‍ച്ചുകള്‍ നടത്തിയ സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും നൂറുകണക്കിന് മനുഷ്യശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് കാനഡ. തദ്ദേശീയരായ കുട്ടികളെ ബലംപ്രയോഗിച്ച് ഇവിടെ പാര്‍പ്പിച്ചിരുന്നു.

ആയിരക്കണക്കിന് കുട്ടികളാണ് വിവിധ കാരണങ്ങളാല്‍ മരിച്ചത്. ഈ സ്‌കൂളുകളില്‍ ശാരീരികവും, ലൈംഗികവുമായ ചൂഷണം പതിവായിരുന്നുവെന്ന് കനേഡിയന്‍ ഗവണ്‍മെന്റ് സമ്മതിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends