മേനിപറച്ചില്‍ വാനോളം, യാഥാര്‍ത്ഥ്യം ഇതാണ്; ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ജോലി എടുക്കേണ്ടി വരുന്നത് കുറഞ്ഞ ശമ്പളത്തിന്; കുടിയേറ്റ ജോലിക്കാരുടെ ശമ്പളം മോഷ്ടിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത്

മേനിപറച്ചില്‍ വാനോളം, യാഥാര്‍ത്ഥ്യം ഇതാണ്; ഓസ്‌ട്രേലിയയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ജോലി എടുക്കേണ്ടി വരുന്നത് കുറഞ്ഞ ശമ്പളത്തിന്; കുടിയേറ്റ ജോലിക്കാരുടെ ശമ്പളം മോഷ്ടിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത്

ഓസ്‌ട്രേലിയ കുടിയേറ്റത്തെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ്. ഇത് ഏറ്റവും കൂടുതല്‍ വ്യക്തമാക്കി കൊടുത്തത് കോവിഡ് മഹാമാരിയാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും, ബാക്ക്പാക്കേഴ്‌സും, മറ്റ് താല്‍ക്കാലിക വിസയുള്ളവരും കോവിഡ് കാലത്ത് സ്ഥലംവിട്ടപ്പോള്‍ ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണി ഇതിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞതാണ്.


ഇത് പരിഗണിച്ച് പുതിയ വിസയും, മറ്റ് സ്‌കീമുകളും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിധിയില്ലാത്ത തൊഴില്‍ അവകാശങ്ങളുമെല്ലാം നല്‍കുന്നുണ്ടെങ്കിലും കുടിയേറ്റക്കാരായ തൊഴിലാളികളുടെ ശമ്പളം കവരുന്ന പരിപാടിക്ക് അവസാനമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കുടിയേറ്റക്കാരായ ജോലിക്കാരുടെ വേതനം കവരുന്നത് അഭിസംബോധന ചെയ്ത് മൂന്ന് മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് 14 ലീഗല്‍ സര്‍വ്വീസ് സേവനദാതാക്കളും, ചര്‍ച്ചുകളും, ഉപദേശക ഗ്രൂപ്പുകളുമാണ് സര്‍ക്കാരിന് തുറന്ന കത്ത് അയച്ചിരിക്കുന്നത്.

എംപ്ലോയേഴ്‌സ് ചൂഷണം ചെയ്യുന്ന വിഷയങ്ങളില്‍ ഫെയര്‍ വര്‍ക്ക് ഓംബുഡ്‌സ്മാന് മുന്നിലോ, കോടതികളിലോ റിപ്പോര്‍ട്ട് ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫലപ്രദമായ വിസാ സംരക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

വേതനവും, ആനുകൂല്യങ്ങളും തിരിച്ചെടുക്കാന്‍ ആശ്രയിക്കാവുന്ന ചെലവ് കുറഞ്ഞ ക്ലെയിം നടപടിക്രമങ്ങള്‍ നടപ്പാക്കാനും തുറന്ന കത്തില്‍ ആവശ്യമുണ്ട്. താല്‍ക്കാലിക വിസയിലുള്ള ജോലിക്കാരെ കൂടി ഫെയര്‍ എന്റൈറ്റില്‍മെന്റ് ഗ്യാരണ്ടിയില്‍ ഉള്‍പ്പെടുത്താനും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

നാലിലൊന്ന് കുടിയേറ്റ ജോലിക്കാര്‍ക്കും മണിക്കൂറിന് ലഭിക്കുന്ന മിനിമം വേജിന്റെ പകുതി മാത്രമാണ് നല്‍കുന്നതെന്നാണ് കണക്ക്. വിസ പോകുമെന്ന പേടിയില്‍ പരാതിയുണ്ടെങ്കിലും പരാതി നല്‍കാനും കുടിയേറ്റക്കാര്‍ക്ക് സാധിക്കുന്നില്ല.
Other News in this category4malayalees Recommends