പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍; കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായവം, എനര്‍ജി ബില്ലുകളില്‍ ആശ്വാസവും വരും; ബിസിനസ്സുകളുടെ ഭാരം കുറയ്ക്കാന്‍ നികുതി കുറയ്ക്കും; പലിശ നിരക്ക് കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍; കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായവം, എനര്‍ജി ബില്ലുകളില്‍ ആശ്വാസവും വരും; ബിസിനസ്സുകളുടെ ഭാരം കുറയ്ക്കാന്‍ നികുതി കുറയ്ക്കും; പലിശ നിരക്ക് കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ഒടുവില്‍ പ്രതീക്ഷിച്ചിരുന്ന ആ ആശങ്ക ശരിയായി. ബ്രിട്ടന്റെ പണപ്പെരുപ്പം 9 ശതമാനമായി കുതിച്ചുയര്‍ന്നു. 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഇതോടെ ചാന്‍സലറും, സംഘവും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അടുത്ത മാസം മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനവിന് കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കോപ്പുകൂട്ടുന്നുണ്ട്.


ജനങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധിയിലാകുന്നത് കുറയ്ക്കാന്‍ ട്രിപ്പിള്‍ ടാക്‌സ് കട്ടാണ് മന്ത്രിമാര്‍ പദ്ധതിയിടുന്നത്. ജൂലൈയില്‍ എനര്‍ജി ബില്ലുകളില്‍ കൂടുതല്‍ സഹായം നല്‍കാനുള്ള പദ്ധതി ഇതിനകം തന്നെ ഋഷി സുനാക് തയ്യാറാക്കിയിട്ടുണ്ട്. മിക്കവാറും കൗണ്‍സില്‍ ടാക്‌സ് വെട്ടിക്കുറച്ചാകും ഇത് കൈമാറുക.

തന്റെ ഓട്ടം ബജറ്റില്‍ ബിസിനസ്സുകള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കുമെന്ന് ചാന്‍സലര്‍ ബിസിനസ്സ് നേതാക്കളെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നത് തടയാനും നിക്ഷേപകങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഈ സമ്മറില്‍ തന്നെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ടാക്‌സ് കട്ട് നടപ്പാക്കാന്‍ ബോറിസ് ജോണ്‍സണ്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ കാണാത്ത 9 ശതമാനത്തില്‍ തൊട്ടതോടെയാണ് അങ്കലാപ്പ് പടരുന്നത്. ബ്രിട്ടനിലെ ജനങ്ങള്‍ ജീവിക്കാനുള്ള ചെലവുകള്‍ മൂലമുള്ള സുനാമിയാണ് നേരിടുന്നതെന്ന് ലേബര്‍ വര്‍ക്ക് & പെന്‍ഷന്‍സ് ഷാഡോ സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് മുന്നറിയിപ്പ് നല്‍കി. കൈയില്‍ കിട്ടുന്ന വരുമാനത്തില്‍ 15 വര്‍ഷം മുന്‍പത്തേക്കാള്‍ 300 പൗണ്ടിന്റെ കുറവുണ്ട്.

ജീവിതച്ചെലവുകള്‍ മൂലം ഞെരുക്കത്തിലാകുന്ന എല്ലാവരെയും പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയില്ലെന്ന് ഋഷി സുനാക് മുന്നറിയിപ്പ് നല്‍കി. ഒരു സര്‍ക്കാരിനും അത്തരമൊരു നടപടി കൈക്കൊള്ളാന്‍ കഴിയില്ല. അത്തരമൊരു നിയമം കൊണ്ട് ആഗോള തലത്തിലെ പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. അടുത്ത ഏതാനും മാസങ്ങള്‍ കടുപ്പമാകും, എന്നിരുന്നാലും ഞങ്ങള്‍ നടപടികള്‍ കൈക്കൊള്ളും, ചാന്‍സലര്‍ സിബിഐ ബിസിനസ്സ് നേതാക്കളോട് വ്യക്തമാക്കി.
Other News in this category



4malayalees Recommends