സിന്ദൂരം മായ്ക്കുന്നതും താലിയറക്കുന്നതും പച്ചകുപ്പിവളകള്‍ പൊട്ടിക്കുന്നതും പോലുള്ള ആചാരങ്ങള്‍ വേണ്ട ; വിധവകള്‍ക്കെതിരായ ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

സിന്ദൂരം മായ്ക്കുന്നതും താലിയറക്കുന്നതും പച്ചകുപ്പിവളകള്‍ പൊട്ടിക്കുന്നതും പോലുള്ള ആചാരങ്ങള്‍ വേണ്ട ; വിധവകള്‍ക്കെതിരായ ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
സംസ്ഥാനത്ത് വിധവകളുമായി ബന്ധപ്പെട്ട ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗ്രാമവികസനമന്ത്രി ഹസന്‍ മുഷ്‌റിഫ് ഉത്തരവിറക്കി. കോലാപ്പുരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായ ബന്ധപ്പെട്ട ആചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സര്‍ക്കാറിന്റെ നടപടി.

ഭര്‍ത്താവിനെ ചിതയിലേക്കെടുക്കും മുമ്പ് ഭാര്യയുടെ സിന്ദൂരം മായ്ക്കുന്നതും താലിയറക്കുന്നതും പച്ചകുപ്പിവളകള്‍ പൊട്ടിക്കുന്നതും പലയിടത്തും നിലനില്‍ക്കുന്ന ആചാരങ്ങളാണ്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഇത്തരം ആചാരങ്ങള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു.

നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും വിധവകള്‍ക്ക് വിലക്കുണ്ട്. വിധവകള്‍ക്കെതിരേയുള്ള ഈ ദുഷ്പ്രവണതകള്‍ക്ക് അറുതി വരുത്താനുള്ള ഹെര്‍വാദ്, മാന്‍ഗാവ് ഗ്രാമങ്ങളുടെ തീരുമാനം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഹെര്‍വാദ് ഗ്രാമത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഭാര്യമാര്‍ നേരിടുന്ന ദുരവസ്ഥ കണ്ടറിഞ്ഞ ഗ്രാമവാസികള്‍ ഇനിയും ഇത്തരം ആചാരങ്ങള്‍ വെച്ചുപുലര്‍ത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മേയ് ആദ്യവാരം ചേര്‍ന്ന ഗ്രാമപഞ്ചായത്ത് യോഗം അന്തിമതീരുമാനം കൈക്കൊണ്ടു. ഹെര്‍വാദിനെ പിന്തുടര്‍ന്ന് മാന്‍ഗാവ് പഞ്ചായത്തും സമാനമായ തീരുമാനമെടുക്കുകയായിരുന്നു.

Other News in this category



4malayalees Recommends