പൊലീസുകാരുടെ മരണം; മൊബൈല്‍ ഫോണ്‍ ക്യാമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു, മൃതദേഹങ്ങള്‍ പാടത്തേക്ക് കൊണ്ടുവന്നത് കൈവണ്ടിയില്‍

പൊലീസുകാരുടെ മരണം; മൊബൈല്‍ ഫോണ്‍ ക്യാമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു, മൃതദേഹങ്ങള്‍ പാടത്തേക്ക് കൊണ്ടുവന്നത് കൈവണ്ടിയില്‍
പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സുരേഷ് തന്നെയാണ് പൊലീസുകാരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ക്യാമ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തല്‍. പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടില്ലന്നും പ്രതിയായ സുരേഷ് മൊഴി നല്‍കി.

പ്രതിയായ സുരേഷിനോപ്പം മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെയാണ് ക്യാമ്പിനോട് ചേര്‍ന്നുള്ള വയലില്‍ ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പോലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് പ്രതി പറഞ്ഞു.

കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടിച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച കെണിയില്‍ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷന്‍ നല്‍കിയ ശേഷം ഇയാള്‍ ഉറങ്ങാന്‍ പോയി.

ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്നും എസ്പി വിശ്വനാഥ് പറഞ്ഞു

Other News in this category



4malayalees Recommends