യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നു ; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു

യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നു ; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു
യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുകയാണ്. നിലവില്‍ യുകെ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയില്‍ മാത്രം കണ്ട് വന്നിരുന്ന ഈ രോഗം യൂറോപ്പിലേക്കും വ്യാപിച്ചത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇതിനായി ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു. സംഘടന വൈറസ് പകരുന്നതിലും വാക്‌സിനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു

മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. ഇപ്പോള്‍ രോഗം പകരുന്ന രീതി എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുകെയില്‍ മെയ് 18 വരെ 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരാരും തമ്മില്‍ പരസ്പരം യാതൊരു ബന്ധവുമില്ല. മെയ് ആറിന് ആദ്യമായി രോഗം വന്നയാള്‍ നൈജീരിയ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. 1958ല്‍ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകള്‍ എന്നിവ പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്‌സ് പോലുള്ള ചുണങ്ങുകളും ഉണ്ടാകുന്നു.

ശരീര സ്രവങ്ങള്‍, കുരങ്ങ് പോക്‌സ് വ്രണങ്ങള്‍, അല്ലെങ്കില്‍ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങള്‍ അല്ലെങ്കില്‍ വ്രണങ്ങള്‍ എന്നിവയാല്‍ മലിനമായ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ കുരങ്ങുപനി പടരാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ ആയവര്‍ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നത്. പുതിയ മുറിവുകളോ തിണര്‍പ്പുകളോ ഉണ്ടാകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Other News in this category4malayalees Recommends