മാസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ജഗദീഷിന്റെ ഭാര്യയും പ്രശസ്ത ഫോറന്‍സിക് സര്‍ജനുമായിരുന്ന രമയുടെ വിയോഗം. ഇപ്പോഴിതാ രമയോടൊപ്പമുള്ള കുടുംബ ജീവിതത്തെക്കുറിച്ചു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ജഗദീഷ്. രമ ഫോറന്‍സിക് സര്‍ജനാകാന്‍ വേണ്ടി മാത്രം ജനിച്ചതാണോയെന്ന് അതിശയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
മൃതദേഹം കണ്ട് ആരെങ്കിലും മൂക്കുപൊത്തുന്നത് കണ്ടാല്‍ രമ ദേഷ്യപ്പെടും. രമ രണ്ടാമതു ഗര്‍ഭിണിയായപ്പോള്‍ പലരും മുഖം ചുളിച്ചു, 'ഗര്‍ഭിണി മൃതദേഹമൊക്കെ കീറിമുറിക്കുന്നത് ശരിയാണോ?' എന്ന് ചോദിച്ചവരോട് 'പ്രസവവേദന വന്നാലെന്താ, തൊട്ടടുത്തല്ലേ ലേബര്‍ റൂം, പോയങ്ങു പ്രസവിക്കും എന്ന് രമ മറുപടി പറഞ്ഞുവെന്നും ജഗദീഷ് പറയുന്നു.
ഒരു ദിവസം വിഷമിച്ചിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോള്‍ അന്നത്തെ പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ചു പറഞ്ഞു. 'ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ മൃതദേഹം അന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്രേ. ടേബിളില്‍ കിടക്കുന്ന അമ്മയുടെ കീറിയ വയറിനുള്ളില്‍ ജനിക്കും മുന്‍പേ മരിച്ചു പോയ കുഞ്ഞുജീവന്‍.' അതായിരുന്നു രമയുടെ മനോവേദനയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.