ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നു ; സിസിടിവി ദൃശ്യങ്ങളുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയില്‍

ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നു ; സിസിടിവി ദൃശ്യങ്ങളുമായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയില്‍
ഭാര്യയുടെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കാണിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ കോടതിയെ സമീപിച്ചു. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത്ത് സിംഗാണ് സോനിപത്ത് സ്വദേശിനിയായ ഭാര്യയ്‌ക്കെതിരെ ഭിവാടി കോടതില്‍ ഹര്‍ജി നല്‍കിയത്. പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ അജിത്തിനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇദ്ദേഹം കോടതിയില്‍ ഹാജരാക്കി. ഇവരുടെ പ്രണയ വിവാഹം ഒമ്പത് വര്‍ഷം മുമ്പായിരുന്നു. കേസ് പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ വേണം അന്വേഷണ ചുമതല ഏല്‍പ്പിക്കാനെന്നാണ് കോടതിയുടെ ഉത്തരവ്.

ആദ്യ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. പിന്നീട് ഭാര്യ അകാരണമായി ദേഷ്യപ്പെടാന്‍ തുടങ്ങി. ഇതിനിടെ ഇവര്‍ക്ക് ഒരു കുട്ടിയും പിറന്നു. തന്റെ പേരില്‍ ഫ്‌ലാറ്റ് വാങ്ങണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം തുടങ്ങുന്നത്. ഒരു സ്‌കൂള്‍ അധ്യാപകനായ തനിക്ക് ഫ്‌ലാറ്റ് വാങ്ങാനുള്ള സാമ്പത്തികാവസ്ഥയില്ലെന്ന് ഭാര്യയോട് പറഞ്ഞു. ഇതോടെ ആക്രമണം കൂടുകയായിരുന്നുവെന്ന് അജിത്ത് സിംഗ് പറയുന്നു.

കയ്യില്‍ കിട്ടുന്ന സാധനം ഉപയോഗിച്ച് വളരെ ക്രൂരമായാണ് തല്ലുന്നത്. എട്ട് വയസുള്ള മകന്റെ ഭാവി ഓര്‍ത്തും നാണക്കേട് ഭയന്നുമാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് ബോധ്യമായതിനാലാണ് വീട്ടില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും അധ്യാപകന്‍ കോടതിയെ അറിയിച്ചു. കുറച്ച് നാളുകളായി താന്‍ നേരിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി ഇദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

Other News in this category4malayalees Recommends