ജിദ്ദയില്‍ നിന്നും നെടുമ്പാശേരിയില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശിയായ അബ്ദുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സ്വര്‍ണക്കടത്ത് സംഘമെന്ന് പോലീസ്. അഗളി സ്വദേശി വാക്യത്തൊടി അബ്ദുള്‍ജലീലിനെ(42) കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച രാത്രി മുഖ്യപ്രതി കീഴാറ്റൂര്‍ ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകരവീട്ടില്‍ യഹിയ മുഹമ്മദിനെ (35) കസ്റ്റഡിയിലെടുത്ത് പോലീസ് റിമാന്‍ഡ്ചെയ്തു. വിദേശത്തുനിന്ന് അബ്ദുള്‍ജലീല്‍ കടത്തിയെന്നു കരുതുന്ന 1.200 കിലോഗ്രാം സ്വര്‍ണം കണ്ടെടുക്കുന്നതിനാണ് സംഘം തട്ടിക്കൊണ്ടുപോയതെന്നും കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ടുപേര്‍ വിദേശത്തേക്കു കടന്നതായും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാര്‍ അറിയിച്ചു.
ജലീലിനെ ആശുപത്രിയില്‍ മൃതപ്രായനായി എത്തിച്ച് കടന്ന് കളഞ്ഞവര്‍ തന്നെയാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് കടത്താനായി സൗദിയില്‍നിന്ന് അബ്ദുള്‍ജലീലിന് 57 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കിയിരുന്നെങ്കിലും ഇത് എത്തിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലില്‍ പ്രതി യഹിയയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. യഹിയയുടെ പങ്കാളികള്‍ ഏജന്റുമാര്‍ മുഖേനെയാണ് ജലീലിന് സ്വര്‍ണം നല്‍കിയത്.
സാധാരണ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ അവരുടെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് കടത്തുന്നയാളുടെ ശരീരത്തില്‍ സ്വര്‍ണം വെച്ചുകെട്ടി നല്‍കാറാണ് പതിവ്. എന്നാല്‍, എന്നാല്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ജലീലിനെ പുറപ്പെടും മുന്‍പേ രഹസ്യകേന്ദ്രത്തിലേക്കെത്തിച്ചാല്‍ വീട്ടുടമ അറിയുമെന്നതിനാല്‍ ജലീലിന്റെ മുറിയിലേക്ക് സംഘമെത്തിയാണ് സ്വര്‍ണം നല്‍കിയത്. സ്വര്‍ണം ജലീല്‍തന്നെ ശരീരത്തില്‍ ഒളിപ്പിച്ചതായി പറയുകയും തുടര്‍ന്ന് സംഘം ഇയാളെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
വിമാനത്താവളത്തിലെ ലോഞ്ചില്‍ എത്തുംവരെ ഇയാള്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് നെടുമ്പാശേരിയില്‍ വന്നിറങ്ങിയ ജലീലിനെ യഹിയയും സംഘവും ജലീലിനെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ ജലീലിന്റെ കൈയിലോ ശരീരത്തിലോ സ്വര്‍ണമുണ്ടായിരുന്നില്ല. ഇതാണ് കടത്ത് സംഘത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സംഘം മര്‍ദനവും പീഡനവും തുടങ്ങിയെന്നാണ് പോലീസ് കരുതുന്നത്.