ചത്തവന്റെ വീട്ടില്‍ കൊന്നവന്റെ പാട്ട് ; എംഎം മണിക്കെതിരെ തിരുവഞ്ചൂര്‍

ചത്തവന്റെ വീട്ടില്‍ കൊന്നവന്റെ പാട്ട് ; എംഎം മണിക്കെതിരെ തിരുവഞ്ചൂര്‍
നടിയെ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി എം എം മണിയുടെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 'വണ്‍,ടൂ,ത്രീ…ചത്തവന്റെ വീട്ടില്‍ കൊന്നവന്റെ പാട്ട്' എന്ന തലക്കെട്ടോടുകൂടി ഫെയ്‌സ്ബുക്കില്‍ എം എം മണിയുടെ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തിയാണ് തിരുവഞ്ചൂര്‍ വിമര്‍ശിച്ചത്. മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച, പൈശാചികമായ ഈ സംഭവത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് പറയാനുള്ള ആ മനഃസാക്ഷി സമ്മതിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീ സുരക്ഷയെ പറ്റി അഹോരാത്രം സംസാരിക്കുന്ന സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാനില്ല പോലും. നാടൊട്ടുക്കും,അതിജീവിതക്കൊപ്പം എന്ന് മേനി നടിക്കുന്ന ഒരൊറ്റ 'ഇടത് ബുദ്ധിജീവികളും, സഹയാത്രികരും' ഇത് വരെ പ്രതികരിച്ച് കണ്ടില്ലെന്നും തിരുവഞ്ചൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'വണ്‍,ടൂ,ത്രീ ചത്തവന്റെ വീട്ടില്‍ കൊന്നവന്റെ പാട്ട്'

1) നടിയെ ആക്രമിച്ച കേസ് നാണം കേട്ട കേസ്.

2) വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലതും ഉണ്ട്.

3) കേസില്‍ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും, മുന്‍ മന്ത്രി എം എം മണി.

ഇനി പറഞ്ഞ ഓരോ കാര്യങ്ങളും ഒന്ന് വ്യക്തമായി പരിശോധിക്കാം,

1) ശരിയാണ്, കേരള ജനത ഒന്നടങ്കം വര്‍ഷങ്ങളായി പറയുന്നത് തന്നെയാണിത്; കേരളത്തിനും, മലയാളികള്‍ക്കും നാണം കെട്ട് തല കുനിക്കേണ്ടി വന്ന കേസാണിത്.

2) അതെ, സത്യമാണ്. കേസന്വേഷണത്തെ ഇഴ കീറി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പലതുമുണ്ട്. ആര്‍ക്കും ഈ കാര്യത്തിലും സംശയമില്ല.

3) പരമാര്‍ത്ഥം. പക്ഷേ,ഒരു ചെറിയ തിരുത്തുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല എന്നല്ല, ഒന്നും 'ചെയ്യില്ല' എന്നതാണ് വസ്തുത.

മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച, പൈശാചികമായ ഈ സംഭവത്തെ ഇത്ര നിസ്സാരവത്ക്കരിച്ച് പറയാനുള്ള ആ മനഃസാക്ഷി സമ്മതിക്കണം. സ്ത്രീ സുരക്ഷയെ പറ്റി അഹോരാത്രം സംസാരിക്കുന്ന സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാനില്ല പോലും. നാടൊട്ടുക്കും,അതിജീവിതക്കൊപ്പം എന്ന് മേനി നടിക്കുന്ന ഒരൊറ്റ 'ഇടത് ബുദ്ധിജീവികളും, സഹയാത്രികരും' ഇത് വരെ പ്രതികരിച്ച് കണ്ടില്ല.

എല്ലാക്കാലവും സിപിഐ(എം) പയറ്റുന്ന രക്ഷപ്പെടല്‍ തന്ത്രമാണ് ഇരയെ, എതിരാളിയെ സമൂഹത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കുക എന്നത്. ടിപി ചന്ദ്രശേഖരന്‍, ജിഷ്ണു പ്രണോയ്, ആന്തൂരിലെ സാജന്റെ ഭാര്യ, വാളയാറിലെ ഭാഗ്യവതി എന്നീ ഉദാഹരണങ്ങള്‍ മാത്രം മതി സിപിഐ(എം) ന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍. മനുഷ്യത്വം തീരെയില്ലാത്ത, അതിജീവിതയെ വിശ്വാസത്തിലെടുക്കാതെ മോശക്കാരിയാക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. അതിജീവിതക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും കൂടെ നില്‍ക്കേണ്ട സര്‍ക്കാരിന്റെ മൗനം, അവരോടുള്ള പരിഹാസം, അന്വേഷണ പാളിച്ചകള്‍ എന്നിവ കേരള ജനത തിരിച്ചറിയണം.

ഈ ധാര്‍ഷ്ട്യം ഓരോ മലയാളിക്കുമുള്ള മുന്നറിയിപ്പാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി അതിജീവിതയുടെ പരാതി കൂട്ടിക്കലര്‍ത്താന്‍ നോക്കുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന, അന്തരിച്ച പി ടി തോമസിനെ അപമാനിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം, ഇതെല്ലാം ചേര്‍ത്ത് വായിക്കണം. തങ്ങളുടെ നേട്ടത്തിന് ആരെയും, എന്തിനെയും ഇകഴ്ത്തുന്ന തരം താഴ്ന്ന പ്രഖ്യാപനങ്ങള്‍ സിപിഐ(എം) ന് പുത്തരിയല്ല, എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

Other News in this category4malayalees Recommends