കോളയ്ക്കുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് മക്ഡൊണാള്‍ഡ്സിന്റെ അഹമ്മദാബാദ് ഔട്ട്ലെറ്റ് അടച്ചു പൂട്ടി. അഹമ്മദാബാദിലെ സോളയിലുള്ള ഔട്ട്ലെറ്റാണ് പൂട്ടിയത്. കോളയ്ക്കുള്ളില്‍ പല്ലിയെ കണ്ടെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
ഭാര്‍ഗവ് ജോഷി എന്ന കസ്റ്റമര്‍ വാങ്ങിയ കോളയ്ക്കുള്ളിലാണ് പല്ലി ചത്ത് കിടക്കുന്നതായി കണ്ടെത്തിയത്. ഇത് വീഡിയോ ആയി ഭാര്ഗ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പറേഷന്(എഎംസി) വീഡിയോ സഹിതം പരാതി സമര്‍പ്പിക്കുകയും ചെയ്തു. ഉടന്‍ തന്നെ അധികാരികളെത്തി ഔട്ട്ലെറ്റ് പൂട്ടി സീല്‍ ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് കോളയുടെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എഎംസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അനുമതിയുമില്ലാതെ മക്ഡൊണാള്‍ഡ്സിന് ഇനി ഔട്ട്ലെറ്റ് തുറക്കാനാകില്ല.
സംഭവത്തെക്കുറിച്ച് കമ്പനിയെ അറിയിച്ചപ്പോള്‍ 300 രൂപ റീഫണ്ട് ചെയ്യാമെന്ന് പറയുക മാത്രമാണ് അവര്‍ ചെയ്തതെന്നും അതും നാല് മണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് ധാരണയായതെന്നും ഭാര്‍ഗവ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മക്ഡൊണാള്‍ഡ്സിന്റെ പ്രതികരണം. ഔട്ട്ലെറ്റില് ആവര്‍ത്തിച്ച് പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും എങ്കിലും ഒരു നല്ല കോര്‍പറേറ്റ് പൗരനെന്ന നിലയില്‍ അധികാരികളുമായി സഹകരിക്കുകയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.