വാഹനാപകട കേസില്‍ ശിക്ഷിക്കപ്പെട്ട പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പട്യാല സെന്‍ട്രല്‍ ജയിലില്‍ ക്ലര്‍ക്കായി പ്രവര്‍ത്തിക്കും.നീളമുള്ള കോടതി വിധികളുടെ ചുരുക്ക രൂപം തയ്യാറാക്കുകയും ജയില്‍ രേഖകള്‍ ക്രോഡീകരിക്കുകയും മറ്റുമാണ് ഈ ജോലിയിലിരുന്ന് ചെയ്യേണ്ടത്.
ഇത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ സിദ്ദുവിന് മൂന്ന് മാസത്തെ പരിശീലനം നല്‍കും. ജയില്‍ മാനുവല്‍ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്പളമൊന്നും ലഭിക്കില്ല. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ പ്രതിദിനം 40 രൂപ മുതല്‍ 90 രൂപ വരെ സിദ്ദുവിന് കൂലി ലഭിക്കും.
ചൊവ്വാഴ്ച മുതല്‍ സിദ്ദു ജോലിയില്‍ പ്രവേശിച്ചെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ഫയലുകളെല്ലാം ജയിലിനകത്ത് എത്തിച്ച് കൊടുക്കും.
സുപ്രീംകോടതിയാണ് സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസിലാണ് വിധി. 1988ലാണ് വാഹനാപകടം ഉണ്ടായത്. ഗുര്‍നാം സിംഗ് എന്നയാളാണ് മരിച്ചത്. നേരത്തെ കേസില്‍ സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.