സഞ്ചാര സാഹിത്യകാരന്‍ എം.സി. ചാക്കോ മണ്ണാര്‍കാട്ടിലിനു അശ്രുപൂജ

സഞ്ചാര സാഹിത്യകാരന്‍ എം.സി. ചാക്കോ മണ്ണാര്‍കാട്ടിലിനു  അശ്രുപൂജ
നീണ്ടുര്‍: പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍, 85, അന്തരിച്ചു. നീണ്ടുര്‍ മണ്ണാര്‍കാട്ടില്‍ പോത്തന്‍ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല.


വിദ്യാഭ്യാസാനന്തരം മരാമത്ത് വകുപ്പില്‍ വര്‍ക്ക് സുപ്രണ്ട് ആയിരിക്കെ റെയില്‍വേ മെയില്‍ സര്‍വീസില്‍ (ആര്‍.എം.എസ്) ഉദ്യോഗസ്ഥനായി. 30 വര്ഷം അവിടെ സേവനമനുഷ്ടിച്ച ശേഷം വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു. അതിനു ശേഷം 1989ല്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് 10 വര്ഷം ഇവിടെ ജോലി ചെയ്ത ശേഷം റിട്ടയര്‍ ചെയ്തു.


അമേരിക്കയിലെത്തിയ ശേഷമാണ് എഴുത്തില്‍ സജീവമായത്. അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങള്‍ കുറവാണ്. അവിടെ നിന്നുള്ള അനുഭവങ്ങള്‍ പുസ്തകങ്ങളായി മലയാള സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടി.

അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്,കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്‌സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്‌നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന്‍ വിശേഷങ്ങള്‍; പാനമപെറുമാച്ചുപിച്ചു യാത്ര, യു.എ.ഇ.ലബനന്‍തുര്‍ക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചു.


2011 ല്‍ ലാനയുടെ വിശിഷ്ടാംഗീകാരം നേടിയ എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍ മലയാള സഞ്ചാര സാഹിത്യത്തിന് അമേരിക്കന്‍ മലയാളികളുടെ വിലപ്പെട്ട സംഭാവനയാണ്. ന്യൂയോര്‍ക്കിലെ ജീവിതത്തിനിടയിലും റിട്ടയര്‍മെന്റിനുശേഷവും ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട് കാഴ്ചയുടെ വര്‍ണ്ണങ്ങളും വൈവിധ്യവും വായനക്കാരിലേക്ക് എത്തിച്ചുകൊണ്ട് ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.


ദശകങ്ങളോളം നീണ്ട യാത്രാനുഭവങ്ങള്‍ പുസ്തകങ്ങളിലേക്ക് പകര്‍ത്തിയപ്പോള്‍ ഭാഷയ്ക്ക് ലഭിച്ചത് പന്ത്രണ്ടോളം മികവുറ്റ യാത്രാഗ്രന്ഥങ്ങളായിരുന്നു. റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഭൂഖണ്ഡങ്ങളിലെ വിസ്മയക്കാഴ്ചകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.


ആദ്യത്തെ ആറു പുസ്തകങ്ങള്‍ ഫൊക്കാന പുരസ്‌കാരങ്ങള്‍ നേടി. 2011ല്‍ ലാന അവാര്‍ഡ് നേടി. ബാലജന സഖ്യം അവാര്‍ഡ്, നെടുഞ്ചിറ സാഹിത്യ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.


ഭാര്യ അന്നമ്മ ടീച്ചര്‍ (ഹിന്ദി അന്നമ്മ) നീണ്ടൂര്‍ അത്തിമറ്റത്തില്‍ കുടുംബാംഗം.

മക്കള്‍: ബീന ജോസഫ് & ടോമി പീടികയില്‍, ന്യു ജേഴ്‌സി; ബിനോയി & ബീന പടവത്തിയില്‍, ഓസ്റ്റില്‍, ടെക്‌സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബര്‍ഗ്, പെന്‍സില്‍വേനിയ; ബിനു & സണ്ണി (ചിക്കാഗോ)

പതിനാറു കൊച്ചുമക്കളും അവരുടെ മൂന്നു മക്കളുമുണ്ട്.


സംസ്‌കാരം മെയ് 29 ഞായറാഴ്ച ഉച്ചക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തും.



Other News in this category



4malayalees Recommends