യുഎഇയില്‍ ഇന്നു മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; പിഴ 50,000 ദിര്‍ഹം വരെ
യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക.
തുടര്‍ച്ചയായ പതിനെട്ടാം വര്‍ഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.