അരിസോണയില്‍ കാട്ടുതീയില്‍ നശിച്ചത് 20000 ഏക്കറോളം ; ടോയ്‌ലറ്റ് പേപ്പര്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പടര്‍ന്നത് ; 57 കാരനെ അറസ്റ്റ് ചെയ്തു

അരിസോണയില്‍ കാട്ടുതീയില്‍ നശിച്ചത് 20000 ഏക്കറോളം ; ടോയ്‌ലറ്റ് പേപ്പര്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീ പടര്‍ന്നത് ; 57 കാരനെ അറസ്റ്റ് ചെയ്തു
യുഎസ് സംസ്ഥാനമായ അരിസോണയില്‍ കത്തിപ്പടര്‍ന്ന കാട്ടു തീ ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചതിലൂടെ ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. വനത്തില്‍ ക്യാമ്പ് ചെയ്ത ലൂസിയാന സ്വദേശി റൈസര്‍(57) കൂട്ടിയിട്ട് കത്തിച്ച ടോയ്‌ലെറ്റ് പേപ്പറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ പത്തേകാലോട് കൂടിയാണ് പൈപ്പ്‌ലൈന്‍ ഫയര്‍ എന്ന ആദ്യത്തെ തീപിടുത്തം ഉണ്ടാവുന്നത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഹേവൈര്‍ ഫയര്‍ എന്നറിയപ്പെടുന്ന രണ്ടാമത്തെ തീപിടുത്തവും ഉണ്ടായി. രണ്ട് സംഭവങ്ങളിലുമായി 20,000 ഏക്കറിലധികം വനം കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.

ക്യാമ്പ് സൈറ്റിന് സമീപമുള്ള പാറയുടെ അടിയിലാണ് ടോയ്‌ലെറ്റ് പേപ്പര്‍ കൂട്ടിയിട്ട് റൈസര്‍ തന്റെ ലൈറ്റര്‍ കൊണ്ട് തീ കൊളുത്തിയത്. ആളിപ്പടര്‍ന്ന തീ സ്ലീപ്പിങ് ബാഗ് ഉപയോഗിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചെറിയൊരു കൂട്ടം പേപ്പറുകള്‍ കത്തിച്ചത് വലിയ കാട്ടൂ തീ ആയി മാറിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും പ്രദേശത്ത് ക്യാംപ് ഫയര്‍ പാടില്ലെന്ന മുന്നറിയിപ്പ് കണ്ടില്ലെന്നും റൈസറുടെ മൊഴിയായി ഫ്‌ളാഗ്സ്റ്റാഫ് യുഎസ് അറ്റോര്‍ണി ഓഫീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. റൈസറെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

തീപിടുത്തത്തെ തുടര്‍ന്ന് കൊക്കോനിനോ കൗണ്ടിയില്‍ നിന്ന് രണ്ടായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രണ്ട് തീപിടുത്തങ്ങളും ഇതുവരെ നിയന്ത്രണവിധേയമാക്കിയിട്ടില്ല. കടുത്ത വേനലും ചൂട് കാറ്റുമാണ് തീ അണയ്ക്കുന്നതിന് വെല്ലുവിളിയാകുന്നത്.

Other News in this category4malayalees Recommends