വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ച് ബോണറ്റില്‍ കയറ്റി ഒരു കിലോമീറ്ററോളം കൊണ്ടുപോയി കാര്‍ ഡ്രൈവര്‍; പ്രോത്സാഹിപ്പിച്ച് ഭാര്യ ; ഒടുവില്‍ അറസ്റ്റില്‍

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ച് ബോണറ്റില്‍ കയറ്റി ഒരു കിലോമീറ്ററോളം കൊണ്ടുപോയി കാര്‍ ഡ്രൈവര്‍; പ്രോത്സാഹിപ്പിച്ച് ഭാര്യ ; ഒടുവില്‍ അറസ്റ്റില്‍
വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമം. രാജസ്ഥാനിലാണ് സംഭവം. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഡ്രൈവര്‍ മനഃപൂര്‍വ്വം ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ പോലീസ് ഉദ്യോഗസ്ഥനെയും വഹിച്ച് കാര്‍ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുകയും ചെയ്തു. വഴിമധ്യ ബൈക്ക് കുറുകെ വന്നതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തേണ്ടി വന്നതേടെയാണ് ട്രാഫിക് കോണ്‍സ്റ്റബിളിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായകരമായത്.

രാജസ്ഥാനിലെ ജോധ്പൂരില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കോണ്‍സ്റ്റബിള്‍ ഗോപാല്‍ ബിഷ്‌ണോയിയെയാണ് കാര്‍ ഓടിക്കുന്നയാള്‍ ആക്രമിച്ചത്. കാര്‍ ഡ്രൈവറായ ഗജേന്ദ്രയെയും കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കാറിലുണ്ടായിരുന്ന ഭാര്യ ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ തയ്യാറായില്ലെന്ന് പോലീസ് പറയുന്നു.

ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഗോപാല്‍ ബിഷ്‌ണോയിക്ക് നേരെ കാര്‍ പാഞ്ഞെത്തിയത്. കാറിനകത്ത് ഗജേന്ദ്രയും ഭാര്യയും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഗോപാല്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കാറിന്റെ മുന്നിലേക്ക് കയറിനിന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഗോപാലിനെ വാഹനം നിര്‍ത്തുന്നു എന്ന മട്ടില്‍ വേഗത കുറച്ച് തെറ്റിദ്ധരിപ്പിച്ച ശേഷം വാഹനം പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇതോടെ കാറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഗോപാലിനെ വാഹനം ഇടിക്കുകയും അദ്ദേഹം ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് ഗോപാലിനെ വഹിച്ച് ഒരു കിലോമീറ്റര്‍ ദൂരമാണ് കാര്‍ സഞ്ചരിച്ചത്.

വൈപ്പറില്‍ പിടിച്ച് കിടന്നത് കാരണമാണ് ഗോപാലിന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ, ബൈക്ക് എതിരെ വന്നതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കാര്‍ നിര്‍ത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മറ്റു പോലീസുകാര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു.

Other News in this category4malayalees Recommends