40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കി പോളിയോ വൈറസ്; യുകെയില്‍ വൈറസ് പടരുന്നുവെന്ന് വിദഗ്ധര്‍; കുട്ടികളുടെ വാക്‌സിനേഷന്‍ കൃത്യമാണോയെന്ന് പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം

40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കി പോളിയോ വൈറസ്; യുകെയില്‍ വൈറസ് പടരുന്നുവെന്ന് വിദഗ്ധര്‍; കുട്ടികളുടെ വാക്‌സിനേഷന്‍ കൃത്യമാണോയെന്ന് പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം

ദശകങ്ങള്‍ക്ക് ശേഷം യുകെയില്‍ ആദ്യമായി പോളിയോ പടരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. കുട്ടികളുടെ വാക്‌സിനേഷനുകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ക്ക് ആരോഗ്യ മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. വൈറസ് വ്യക്തികള്‍ക്കിടയില്‍ കൈമാറുന്ന സൂചനകള്‍ ലഭിച്ചതോടെയാണ് നടപടി.


ഏപ്രില്‍ മുതല്‍ തന്നെ ലണ്ടനിലെ മാലിന്യ ജലത്തില്‍ നിന്നും വൈറസിന്റെ സാമ്പിളുകള്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. സമൂഹത്തില്‍ വ്യാപനം തുടങ്ങിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈസ്റ്റ്, നോര്‍ത്ത് ലണ്ടന്‍ മേഖലകളിലെ സാമ്പിളുകളില്‍ നിന്നാണ് വൈറസിനെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.

അടുത്ത ബന്ധമുള്ള ആളുകള്‍ക്കിടയില്‍ ചെറിയ വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ആരും തളര്‍ന്നുപോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടില്ല.


പോളിയോ വൈറസ് നിലവില്‍ ലണ്ടനില്‍ പ്രാദേശികമായി കറങ്ങുന്നുണ്ടെന്നും, ഇത് കൂടുതല്‍ വിപുലമായി പടര്‍ന്നുപിടിക്കാന്‍ ഇടയുണ്ടെന്നും ആശങ്കപ്പെടുന്നതായി ഇംപീരിയല്‍ കോളേജ് ലണ്ടന്‍ വാക്‌സിന്‍ എപ്പിഡെമോളജി റിസേര്‍ച്ച് ഗ്രൂപ്പ് മേധാവി പ്രൊഫ നിക്കോളാസ് ഗ്രാസ്ലി പറഞ്ഞു. പോളിയോ ഇല്ലാതായിട്ടില്ലെന്നാണ് ഈ തിരിച്ചുവരവ് വ്യക്തമാക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.


1984-ലാണ് ബ്രിട്ടനില്‍ അവസാനത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 2003-ല്‍ രാജ്യം പോളിയോ മുക്തമായെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാക്‌സിന്‍ ലഭ്യമാകുന്ന 1950-കള്‍ക്ക് മുന്‍പ് വൈറസ് ആയിരങ്ങളെ തളര്‍ച്ചയിലേക്ക് നയിക്കുകയും, നൂറുകണക്കിന് മരണങ്ങള്‍ക്കും വൈറസ് ഇടയാക്കിയിട്ടുണ്ട്.


Other News in this category



4malayalees Recommends