കേസ് തോല്‍ക്കുമെന്ന് സരിത വിളിച്ചു പറഞ്ഞു; ഗുരുതര ആരോപണവുമായി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍

കേസ് തോല്‍ക്കുമെന്ന് സരിത വിളിച്ചു പറഞ്ഞു; ഗുരുതര ആരോപണവുമായി ബാലഭാസ്‌ക്കറിന്റെ അച്ഛന്‍

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ ഗുരുതര ആരപണവുമായി അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് എതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളുമെന്നും കേസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സരിത ഫോണ്‍ വിളിച്ചു പറഞ്ഞുവെന്നാണ് ആരോപണം.


ഈ മാസം 30നാണ് ഹര്‍ജിയില്‍ വിധി പറയുക. സിബിഐ കോടതിയുടെ വിധിക്ക് എതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ സഹായം നല്‍കാമെന്നും സരിത പറഞ്ഞു. കേസ് എങ്ങനെയാണ് തോല്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ അറിയാമെന്നായിരുന്നു അവരുടെ മറുപടി. നേരത്തെ ഒരിക്കല്‍ വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

സരിത എസ് നായരാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് അവര്‍ വിളിച്ചത്. പേപ്പറില്‍ ഒപ്പിട്ടാല്‍ നിയമസഹായം നല്‍കാമെന്ന് പറഞ്ഞു. സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നല്‍കാമെന്നൊക്കെയാണ് പറഞ്ഞത്. എന്നാല്‍ താന്‍ ആരോടും സഹായം ചോദിച്ചിരുന്നില്ല. സരിതയെ തനിക്ക് ഒരു പരിചയവും ഇല്ല. കേസില്‍ അട്ടിമറി സംശയിക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഇപ്പോള്‍ പുറത്ത് പറയുന്നതെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ വ്യക്തമാക്കി.

അതേ സമയം ഫോണ്‍ വിളിച്ചത് താന്‍ തന്നെയാണെന്ന് സരിതയും പറഞ്ഞു. സൗഹാര്‍ദ്ദപരമായി കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനാണ് വിളിച്ചത്. ഇതുപോലുള്ള കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends