പിന്നില്‍ നിന്നും ചവിട്ടി, മര്‍ദ്ദനം മന്ത്രി നോക്കി നിന്നെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്

പിന്നില്‍ നിന്നും ചവിട്ടി, മര്‍ദ്ദനം മന്ത്രി നോക്കി നിന്നെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്
മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ തനിക്ക് സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ദീപാ അനില്‍. മന്ത്രിയുടെ മുന്നില്‍ വെച്ച് സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ പിന്നില്‍ നിന്നും ചവിട്ടി. മന്ത്രി എതിര്‍ത്തില്ലെന്നും അവര്‍ ആരോപിച്ചു.

നടുവിന് ചതവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വലിച്ചിഴച്ച് ഓട്ടോറിക്ഷയില്‍ കയറ്റിയാണ് തന്നെ സംഭവ സ്ഥലത്ത് നിന്നും കൊണ്ടുപോയതെന്നും ദീപാ അനില്‍ പറഞ്ഞു.

തിരുവനന്തപുരം കിളിമാനൂരില്‍ കൊച്ചുപാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.

അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രി റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കാറില്‍ നിന്നും ഇറങ്ങി മന്ത്രി ഉദ്ഘാടനത്തിനായി നാട മുറിക്കാന്‍ എത്തുമ്പോള്‍ ദീപാ അനില്‍ കരിങ്കൊടി വീശുകയായിരുന്നു.



Other News in this category



4malayalees Recommends