'അമ്മ'യുടെ ജനറല്‍ ബോഡി ഇന്ന്; വിജയ് ബാബു, ഐ സി കമ്മറ്റിയിലെ രാജി എന്നിവ ചര്‍ച്ചയായേക്കും

'അമ്മ'യുടെ ജനറല്‍ ബോഡി ഇന്ന്; വിജയ് ബാബു, ഐ സി കമ്മറ്റിയിലെ രാജി എന്നിവ ചര്‍ച്ചയായേക്കും
താരസംഘടന 'അമ്മ'യുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10.30നാണ് യോഗം ചേരുക. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് യോഗം നടക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബു വിഷയത്തില്‍ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമാവും. നാല് മണിയ്ക്ക് 'അമ്മ' ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവും. വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിന് പിന്നാലെ, 'അമ്മ'യുടെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഹരീഷ് പേരടി രാജിവെച്ചത്. വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് ശ്വേത മേനോന്‍ അധ്യക്ഷയായ, അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ ചെയ്!തിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് വിജയ് ബാബുവിനെതിരായ സംഘടനാ നടപടി ചുരുങ്ങി. ഇതില്‍ പ്രതിഷേധിച്ച് ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജി വച്ചിരുന്നു. കൊവിഡ് ക്വാറന്റൈനിലായതിനാല്‍ നടി മാല പാര്‍വതി ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Other News in this category



4malayalees Recommends