അവര്‍ മനപൂര്‍വ്വം മമ്മൂട്ടിയെ അവഗണിച്ചു, എന്നാല്‍ ഞാന്‍ വിടാന്‍ തയ്യാറായില്ല; ബാലചന്ദ്ര മേനോന്‍

അവര്‍ മനപൂര്‍വ്വം മമ്മൂട്ടിയെ അവഗണിച്ചു, എന്നാല്‍ ഞാന്‍ വിടാന്‍ തയ്യാറായില്ല; ബാലചന്ദ്ര മേനോന്‍
മമ്മൂട്ടിക്ക് മൂന്നാംതവണ ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നില്‍ തന്റെ ഇടപെടലെന്ന് ബാലചന്ദ്രമേനോന്‍. ജൂറിയുടെ ആദ്യതീരുമാനം അനുകൂലമായിരുന്നില്ലെന്ന് ജൂറി അംഗമായിരുന്ന ബാലചന്ദ്രമേനോന്‍ വിഡിയോ ബ്ലോഗില്‍ വെളിപ്പെടുത്തി.

ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ അസാമാന്യപ്രകടനം ജൂറി അംഗങ്ങള്‍ തഴഞ്ഞപ്പോള്‍ അദ്ദേഹത്തിനുവേണ്ടി വാദിച്ചത് താന്‍ മാത്രമാണെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.

'അന്ന് സിനിമകള്‍ കണ്ട ഭൂരിപക്ഷം ജൂറി അംഗങ്ങളും സഖം എന്ന ഹിന്ദി ചിത്രത്തിലെ അജയ് ദേവ്ഗന്റെ പ്രകടനമാണ് മികച്ചതെന്ന നിലപാടായിരുന്നു. മമ്മൂട്ടി മികവും തികവും പുലര്‍ത്തിയ 'അംബേദ്കര്‍' ഉള്ളപ്പോഴായിരുന്നു ഈ തീരുമാനം. കഥാപാത്രത്തോട് അഭിനേതാവ് അത്രയേറെ നീതിപുലര്‍ത്തിയിട്ടും അത് അവഗണിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.

മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും എന്നാല്‍ രൂപത്തില്‍, ശബ്ദത്തില്‍, ശരീരഭാഷയില്‍ എല്ലാം അംബേദ്കറായി മാറാന്‍ മമ്മൂട്ടി എന്ന നടന്‍ കാഴ്ചവച്ച സമര്‍പ്പണത്തെ എങ്ങനെ അവഗണിക്കാന്‍ കഴിയും എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിന് അവര്‍ക്ക് മറുപടിയുണ്ടായില്ല.

എങ്കില്‍ രണ്ടുപേര്‍ക്കും പുരസ്‌കാരം നല്‍കാം എന്നായി. ഈ നിലപാട് അംഗീകരിക്കാന്‍ ജൂറി ചെയര്‍മാന്‍ ഡി.വി.എസ്. രാജു തയാറായില്ല. മികച്ച നടനുള്ള പുരസ്‌കാരം ഒരാള്‍ക്കുമാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മമ്മൂട്ടിക്ക് പ്രത്യേക പരാമര്‍ശം നല്‍കാമെന്നായി. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് രണ്ട് പേര്‍ക്ക് നല്‍കിയ ചരിത്രമുണ്ടെന്നും ഒടുവില്‍ അദ്ദേഹം അതംഗീകരിച്ചു.

അങ്ങനെയാണ് മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. ഒരുപക്ഷേ അന്ന് ഞാന്‍ മിണ്ടാതിരുന്നെങ്കില്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുമായിരുന്നില്ല. ഒരു ജൂറി അംഗത്തിന്റെ കടമ ഞാന്‍ ചെയ്തു. പിന്നീട് ഇതറിഞ്ഞ മമ്മൂട്ടിയും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ബാലചന്ദ്രമേനോന്റെ കടമയാണെന്ന്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends