നിയമസഭയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം; സഭ താത്ക്കാലികമായി നിര്‍ത്തിവെച്ചു

നിയമസഭയില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം; സഭ താത്ക്കാലികമായി നിര്‍ത്തിവെച്ചു
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം നിയമസഭാ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ചോദ്യേത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കര്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നല്‍കിയത്. അതേസമയം നിയമസഭയില്‍ കറുത്ത വേഷത്തിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ ജോസഫ് എന്നിവരാണ് കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനുമുണ്ടായ വിലക്കേര്‍പ്പെടുത്തിയിരുന്നെന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസില്‍ ആരോപിക്കുന്നു. എസ്.എഫ്.ഐ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്‌തെന്നും പ്രതിപക്ഷം ആരോപിച്ചു.

Other News in this category4malayalees Recommends