പ്രതിപക്ഷ പ്രതിഷേധം മൂലം ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും ഒഴിവാക്കി സഭ പിരിഞ്ഞു ; യുവ എംഎല്‍എമാര്‍ കറുപ്പണിഞ്ഞെത്തി പ്രതിഷേധം ; പതിവില്ലാതെ മാധ്യമ വിലക്കും വീഡിയോ സെന്‍സറിംഗും

പ്രതിപക്ഷ പ്രതിഷേധം മൂലം ചോദ്യോത്തര വേളയും അടിയന്തര പ്രമേയവും ഒഴിവാക്കി സഭ പിരിഞ്ഞു ; യുവ എംഎല്‍എമാര്‍ കറുപ്പണിഞ്ഞെത്തി പ്രതിഷേധം ; പതിവില്ലാതെ മാധ്യമ വിലക്കും വീഡിയോ സെന്‍സറിംഗും
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികള്‍ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടര്‍ന്ന് 'രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം' എന്ന ബാനര്‍ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നു.

സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിച്ചിരുന്നില്ല. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.

ഇന്ന് യുഡിഎഫിന്റെ യുവ എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്. കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ചാണ് ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള യുവ എം.എല്‍.എമാര്‍ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ മുതല്‍ എസ്എഫ്‌ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികള്‍ നിര്‍ത്തിയത്.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയില്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാനിരുന്നത്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെ സഭ നിര്‍ത്തിവച്ചു. പിന്നീട് സഭ പുനരാരംഭിച്ചുവെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ സഭ പിരിഞ്ഞു.

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭയിലെ ദൃശ്യങ്ങളൊന്നും സഭാ ടി.വിയില്‍ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. ലൈവ് ദൃശ്യങ്ങള്‍ കൊടുക്കാതെ പഴയ ദൃശ്യങ്ങള്‍ മാത്രമാണ് സഭാ ടിവി വഴി മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്നത്. ഇത് സാങ്കേതിക തകരാറാണോ ബോധപൂര്‍വമാണോ എന്നത് വ്യക്തമല്ല. സെന്‍സറിം?ഗിന് സമാനമായ നിയന്ത്രണമാണ് സഭയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമില്‍ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends