ഇന്ധനവില, വൈദ്യുതി ബില്‍, പലിശ നിരക്ക് വര്‍ധന; ജൂലൈ ഒന്നു മുതല്‍ സാമ്പത്തിക വര്‍ഷത്തില്‍ നിരവധി മാറ്റങ്ങള്‍ വരുന്നു

ഇന്ധനവില, വൈദ്യുതി ബില്‍, പലിശ നിരക്ക് വര്‍ധന; ജൂലൈ ഒന്നു മുതല്‍ സാമ്പത്തിക വര്‍ഷത്തില്‍ നിരവധി മാറ്റങ്ങള്‍ വരുന്നു
ജൂലൈ 1ന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒട്ടെറെ മാറ്റങ്ങളാണ് ഓസ്‌ട്രേലിയക്കാരെ കാത്തിരിക്കുന്നത്. ഇന്ധനവില, വൈദ്യുതി ബില്‍, പലിശ നിരക്ക് എന്നിവയിലടക്കം വന്‍ കുതിപ്പാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാന നിരക്ക് വര്‍ദ്ധനവുകള്‍ എന്തൊക്കെയാണെന്നും, ജൂലൈ 1 മുതല്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.

420 ഡോളറിന്റെ നികുതി ഇളവ്

വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവുകളില്‍ ആശ്വാസമേകാന്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണയായി 420 ഡോളറിന്റെ അധിക നികുതി ഇളവ് ലഭിക്കും.ചെറുകിട ഇടത്തരം വരുമാനക്കാര്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്ന നികുതി ഇളവിന് പുറമെയാണിത്. ഇതോടെ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിന് 1,500 ഡോളര്‍ വരെയായും, രണ്ട് പേര്‍ ജോലി ചെയ്യുന്ന കുടുംബത്തിന് 3,000 ഡോളര്‍ വരെയായും നികുതി ഇളവ് ഉയരും.

ഫാമിലി ടാക്‌സ് ബെനഫിറ്റ്

ഫാമിലി ടാക്‌സ് ബെനിഫിറ്റ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിക്കും.

13 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 204.40 ഡോളര്‍ വരെ ആനൂകൂല്യം വര്‍ദ്ധിക്കും.13 വയസും അതില്‍ കൂടുതലും പ്രായമുള്ള കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം പ്രതിവര്‍ഷം 255.50 ഡോളര്‍ വര്‍ദ്ധിക്കും.

ഫാമിലി ടാക്‌സ് ബെനിഫിറ്റ് പാര്‍ട്ട് ബിക്ക് അര്‍ഹതയുള്ള കുടുബങ്ങളില്‍ ഇളയ കുട്ടിയുടെ പ്രായം 5 വയസ്സില്‍ താഴെയാണെങ്കില്‍ വര്‍ഷം 164.25 ഡോളര്‍വരെ ആനുകൂല്യത്തില്‍ വര്‍ദ്ധവുണ്ടാകും.

ഇളയ കുട്ടിയുടെ പ്രായം അഞ്ച് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലാണെങ്കില്‍ 116.80 ഡോളറാകും വര്‍ദ്ധനവ്.

കുടിയേറ്റ നിയമമാറ്റം

സബ്ക്ലാസ് 482 വിസ ഉടമകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പുതിയ പദ്ധതി വഴി പെര്‍മെനന്റ് റസിഡന്‍സിക്ക് അപേക്ഷിക്കാം. കോവിഡ് മഹാമാരിയുടെ സമയത്ത് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്തിരുന്ന ഹ്രസ്വകാല താല്‍ക്കാലിക ഷോര്‍ട്ട് സ്‌കില്‍ഡ് വിസകളിലുള്ളവര്‍ക്കാണ് പുതിയ പദ്ധതി ഗുണകരമാകുക.

ടെംപററി റസിഡന്‍സ് ട്രാന്‍സിഷന്‍ സ്ട്രീം വഴിയാണ് സ്ഥിര താമസത്തിനായി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ 2020 ഫെബ്രുവരി 1 നും 2021 ഡിസംബര്‍ 14 നും ഇടയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഓസ്‌ട്രേലിയയില്‍ ഉണ്ടായിരിക്കണം.

കൂടാതെ ഇഎന്‍എസ് വിസയുടെ ടിആര്‍ടി സ്ട്രീമിനായുള്ള മറ്റെല്ലാ നാമനിര്‍ദ്ദേശവിസ മാനദണ്ഡങ്ങളും അപേക്ഷകര്‍ പാലിച്ചിരിക്കണം.

വൈദ്യുതി നിരക്ക് ഉയരും

രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ വൈദ്യുതി ബില്ലില്‍ അധിക തുക നല്‍കേണ്ടി വരും.

ന്യൂ സൗത്ത് വെയില്‍സില്‍ 18.3 ശതമാനവും, ക്വീന്‍സ്‌ലാന്‍ഡില്‍ 12.6 ശതമാനവും, സൗത്ത് ഓസ്‌ട്രേലിയയില്‍ 9.5 ശതമാനവും വൈദ്യുതി നിരക്ക് ഉയരും.

കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കള്‍ മാറണമെന്നാണ് വിദഗ്ദരുടെ നിര്‍ദ്ദേശം.

ഒരു വര്‍ഷത്തേക്കോ, രണ്ടു വര്‍ഷത്തേക്കോ ഉള്ള ഫിക്‌സഡ് നിരക്ക് കരാറിലേക്ക് മാറുന്നതും സഹായകരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വീട് വാങ്ങാന്‍ 'ഹോം ഗ്യാരണ്ടി' പദ്ധതി

2020ല്‍ തുടങ്ങിയ ഫസ്റ്റ് ഹോം ലോണ്‍ ഡെപ്പോസിറ്റ് സ്‌കീം ഇനി ഹോം ഗ്യാരന്‌റ് സ്‌കീം എന്നായിരിക്കും അറിയപ്പെടുക.

ഈ പദ്ധതി പ്രകാരം വാങ്ങാവുന്ന വീടുകളുടെ വില ജൂലൈ ഒന്നു മുതല്‍ കൂടും.

സിഡ്‌നിയില്‍ ഒമ്പതു ലക്ഷം ഡോളര്‍ വരെയുള്ള വീടുകളും, മെല്‍ബണില്‍ എട്ടു ലക്ഷം ഡോളര്‍ വരെയുള്ള വീടുകളുമാകും ഇനി മുതല്‍ പദ്ധതിയിലൂടെ വാങ്ങാന്‍ കഴിയുക.

അഞ്ചു പുതിയ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു കൂടി പുതിയ വര്‍ഷം ലോണ്‍ കിട്ടും.

വീട് വാങ്ങുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ലേബര്‍ പ്രഖ്യാപിച്ച ഹെല്‍പ്പ് ടു ബൈ പദ്ധതിയും ഈ വര്‍ഷം ആരംഭിക്കും.

Other News in this category



4malayalees Recommends