ഗ്ലോസ്റ്റര്‍ സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷം ഭക്തിസാന്ദ്രമായി ; വിശ്വാസപ്രഘോഷണത്തിന്റെ നെറുകയിലേറി ക്രിസ്തീയ സമൂഹം..

ഗ്ലോസ്റ്റര്‍ സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷം ഭക്തിസാന്ദ്രമായി ; വിശ്വാസപ്രഘോഷണത്തിന്റെ നെറുകയിലേറി ക്രിസ്തീയ സമൂഹം..
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടു കൂടി മനോഹരമായി അലങ്കരിച്ച ദേവാലയത്തിന്റെ മുന്‍വശം സ്ഥാപിച്ച കൊടിമരത്തില്‍ ഫാ ജെറി,ഫാ ജോബി വെള്ളപ്ലാക്കല്‍ വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ കൊടിയേറ്റ് നടന്നു.

മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ദേവാലയത്തിന്റെ പ്രീസ്റ്റ് ഫാ ജെറി കൊടിയുയര്‍ത്തി. തുടര്‍ന്ന് വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ തിരുസ്വരൂപങ്ങളും നേര്‍ച്ചയും വെഞ്ചരിച്ചു. ശേഷം ഫാ ജോബി വെള്ളപ്ലാക്കലിന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടു കുര്‍ബാന നടന്നു.

പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ച് പ്രദക്ഷിണം നടന്നു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞവര്‍ക്ക് പ്രദക്ഷിണം വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിച്ചു.

തിരുസ്വരൂപങ്ങളേന്തിയ ആഘോഷപൂര്‍വ്വമായ പ്രദക്ഷിണവും ലദീഞ്ഞും പൂര്‍ത്തിയാക്കി. നാട്ടിലെ പെരുന്നാളിനെ അനുസ്മരിക്കും വിധം വിവിധ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കേരളത്തിന്റെ തനിമയും ഗൃഹാതുരത്വവും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയായിരുന്നു പള്ളിയിലും ചുറ്റും കാണാനായത്.

വിവിധ സ്റ്റാളുകളില്‍ നാടന്‍ രുചിയില്‍ നിരവധി വിഭവങ്ങളും ഒരുക്കിയിരുന്നു.പരിപ്പുവട, സുഖിയന്‍, ബോണ്ട, ഉണ്ണിയപ്പം, നെയ്യപ്പം , പഴംപൊരി , കപ്പ ,ബിരിയാണി എല്ലാം ആസ്വദിക്കാന്‍ സ്റ്റാളുകളുണ്ടായി

കുട്ടികള്‍ക്കായി വിവിധ കളികള്‍ക്കുള്ള മത്‌സരങ്ങളും നടന്നു.

നാട്ടിലെ പോലെ ഒരു തിരുന്നാള്‍ കൊണ്ടാടിയ സന്തോഷത്തിലായിരുന്നു ഏവരും. നമ്മുടെ വിശ്വാസം ഉയര്‍ത്തിപിടിക്കേണ്ടതിന്റെയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെയും ആവശ്യകത ഫാ. ജോബി ഓര്‍മ്മപ്പെടുത്തി.

ഓരോ തിരുന്നാളും പുതുതലമുറയ്ക്ക് ഒരു വിശ്വാസത്തിന്റെ പ്രഘോഷണമായി മാറട്ടെയെന്നും അതിന് കഴിയും വിധം തിരുന്നാളുകള്‍ നടത്തണമെന്നും ഫാ ജോബി തന്റെ വചന സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.

തിരുന്നാള്‍ ആഘോഷപൂര്‍വ്വവും ഭക്തിസാന്ദ്രവുമാക്കിയ ഓരോരുത്തര്‍ക്കും വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ നന്ദി രേഖപ്പെടുത്തി.

കൈക്കാരന്മാരായ ആന്റണി, ബാബു അളിയത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളികമ്മിറ്റി അംഗങ്ങള്‍ മുന്‍ കമ്മറ്റി അംഗങ്ങള്‍, യുവജനസംഘടനകള്‍, വിശുദ്ധകുര്‍ബാന മനോഹരമാക്കിയ ഗായക സംഘം,പള്ളി മനോഹരമായി അലങ്കരിച്ച വുമണ്‍സ് ഫോറം തുടങ്ങി ഇടവക അംഗങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമായിരുന്നു മനോഹരമായ തിരുന്നാള്‍ ആഘോഷം കൊണ്ടാടാനായത്. ഏവരേയും ഫാ ജിബിന്‍ വാമറ്റത്തില്‍ പ്രത്യേകം അനുസ്മരിച്ച് നന്ദി അറിയിച്ചു.Other News in this category4malayalees Recommends