സോമര്‍സെറ്റ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

സോമര്‍സെറ്റ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍24 മുതല്‍ ജൂലൈ 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.

ജൂലൈ മൂന്നിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തില്‍ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.


മുന്‍ നിശ്ചയപ്രകാരം സോമര്‍സെറ്റില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ ജോയ് ആലപ്പാട്ടിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ മൂന്നിന് രാവിലെ 7.00ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാ ആസ്ഥാനത്ത് നടന്നു. അതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു സോമര്‍സെറ്റ് ദൈവാലയത്തിലേത്.


തുടര്‍ന്ന് നടന്ന ആഘോഷപൂര്‍ണ്ണമായ ദിവ്യബലി അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. ഇടവക വികാരിയോടൊപ്പം, റോക്‌ലാന്‍ഡ് ഹോളി ഫാമിലി ദേവാലയ വികാരി റവ. ഫാ.റാഫേല്‍ അമ്പാടന്‍, റവ. ഫാ. പോളി തെക്കന്‍ സി .എം. ഐ, റവ. ഫാ.ഫിലിപ് വടക്കേക്കര എന്നിവര്‍ സഹകാര്‍മ്മികരായി.


ദിവ്യബലിമധ്യേ പിതാവ് വചന ശുസ്രൂഷ നല്‍കി. ഇടവകയിലെ കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തുന്ന വിശ്വാസ പ്രഘോഷണമാണ് ഓരോ തിരുനാളും എന്നും, എന്നാല്‍ തിരുനാള്‍ ആഘോഷങ്ങളില്‍ പരമപ്രധാന ഭാഗം വിശുദ്ധ കുര്‍ബാനയാണെന്നും എന്നാല്‍ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങളില്‍ പ്രത്യക ശ്രദ്ധ വേണമെന്നും ഓര്‍മിപ്പിച്ചു.


ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രത്യകത മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാമത് വാര്‍ഷമാണ് നാം ആഘോഷിക്കുന്നത് എന്നും, തോമാശ്ലീഹാ ഇന്ത്യയില്‍ എത്തിയതിന്റെ ഏറ്റവും വലിയ തെളിവാണ് നാം ഓരോരുത്തരും എന്ന് തന്റെ തിരുനാള്‍ സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. പാരമ്പര്യമായി കിട്ടിയ വിശ്വാസം കുടുംബങ്ങളില്‍ അണയാതെ കാത്തു സൂക്ഷിക്കാന്‍ സാധിക്കട്ടെ എന്നും തിരുനാള്‍ സന്ദേശത്തില്‍ ആശംസിച്ചു.


ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ദേവാലയത്തിലെ ഭക്ത സംഘടനയായ ജോസഫ് ഫാതേഴ്‌സ് ടീം അംഗങ്ങളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു.


മലയാളികളുടെ സാംസ്‌കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം), ഫയര്‍ വോര്‍ക്‌സ് എന്നിവ ആഘോഷ ചടങ്ങുകള്‍ക്ക് കൂടുതല്‍ മിഴിവേകി.


പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപനാശീര്‍വാദവും, തുടന്ന് അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ബാബു ആന്‍ഡ് വത്സമ്മ പെരുംപായില്‍, ജോനാഥന്‍, ലീന ആന്‍ഡ് ടോം പെരുംപായില്‍, ജോഷ് ജോസഫ്, ഷീന ആന്‍ഡ് മിനേഷ് ഫാമിലി, അനിയന്‍ ജോര്‍ജ് & സിസി ഫാമിലി എന്നിവരെ വാഴിക്കുകയും ചെയ്തു.


തുടര്‍ന്ന് സി.സി.ഡി പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അഭിവന്ദിയ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു.


ഇടവകയിലെ ഗായകസംഘം ( കുട്ടികളും, മുതിന്നവരും) ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.


ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജിജീഷ് & ഹെല്‍ഗ തോട്ടത്തില്‍, ജോസ് പൗലോസ് & വിന്‍സി, ബെന്നി ജോസഫ് & അല്ലി, ഏബല്‍ സ്റ്റീഫന്‍ എന്നിവരായിരുന്നു.


തിരുനാളനോടനുബന്ധിച്ച് ദേവാലയാങ്കണത്തില്‍ ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മപ്പെടുത്തി. പ്രമുഖ മലയാള ചലച്ചിത്ര പിന്നണി ഗായകരായ സുധീപ് കുമാര്‍, വില്യം ഐസക്, ഡെല്‍സി നൈനാന്‍ എന്നിവര്‍ അവതരിപ്പിച്ച 'മലബാര്‍ മ്യൂസിക്കല്‍ നൈറ്റ്' ഷോയും, ഫയര്‍ വര്‍ക്‌സും ഏറെ പ്രശംസ പിടിച്ചു പറ്റി.


തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും, തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ റോണി മാത്യു , ജോര്‍ജി ജോസ് എന്നിവര്‍ നേതൃത്വം നല്‍കുകകയും ചെയ്തു.


ജൂലൈ 4ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ ഒമ്പതു മണിക്ക് അഭിവന്ദിയ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടന്നത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.


തിരുനാള്‍ ആഘോഷങ്ങളിലും, തിരുകര്‍മ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ട് , ട്രസ്ടിമാര്‍ എന്നിവര്‍ നന്ദി അറിയിച്ചു.


Other News in this category4malayalees Recommends