കൃപയുടെ ധന്യനിമിഷം: ബഥനി മാര്‍ത്തോമ്മാ ദേവാലയം ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു

കൃപയുടെ ധന്യനിമിഷം: ബഥനി മാര്‍ത്തോമ്മാ ദേവാലയം ഔദ്യോഗിമായി ഉദ്ഘാടനം  ചെയ്തു
ന്യുയോര്‍ക്ക്: 35 കുടുംബങ്ങളുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പായി 1995ല്‍ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവകൃപക്ക് നന്ദി അര്‍പ്പിച്ചു കൊണ്ട് റോക്ക് ലാന്‍ഡ് ഓറഞ്ച്ബര്‍ഗിലെ ബഥനി മാര്‍ത്തോമ്മാ ഇടവക ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുന്‍പ് ഭദ്രാസനാധിപന്‍ മോസ്റ്റ് റവ ഡോ ഐസക് മാര്‍ ഫീലക്‌സിനോസ് കൂദാശ ചെയ്തു ദൈവനാമത്തില്‍ സമര്‍പ്പിക്കപ്പെട്ട ദേവാലയത്തിന്റെ ഉദ്ഘാടനം ഒട്ടേറെ വൈദികരുടെയും ജനകീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി.


ഓള്‍ഡ് ഓറഞ്ചബര്‍ഗ് റോഡില്‍ പണിതീര്‍ത്ത ദേവാലയത്തിന്റെ മനോഹാരിതയും പ്രകൃതിരമണീയതയോട് ഇണങ്ങി നില്‍ക്കുന്ന വാസ്തുവിദ്യയും പങ്കെടുത്തവരുടെ അഭിനന്ദനമേറ്റു വാങ്ങി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ത്യാഗനിര്‍ഭരമായ സേവനങ്ങളും അനുസ്മരിക്കപ്പെട്ടു


വികാരി റവ. ജേക്കബ് തോമസ് നയിച്ച പ്രാരംഭ പ്രാര്‍ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മെര്‍ലിന്‍, മെലീസ എന്നിവരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്വയറും ജോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ മലയാളം ക്വയറും പ്രാര്‍ത്ഥന ഗീതങ്ങളാലപിച്ചു. ജോസ് ജോര്‍ജ്, വൈ. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രാര്‍ത്ഥന നടത്തി.


പാരിഷിന്റെ ലഘുചരിത്രം ഫിലിപ് വൈദ്യന്‍ വിവരിച്ചു. 2001 ല്‍ പാരിഷ് ആയി അന്നത്തെ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ തെയോഫിലോസ് അനുമതി നല്‍കിയ ദേവാലയം ഓറഞ്ച്ബര്‍ഗ് സൈക്കിയാട്രിക് സെന്ററിലുള്ള കെട്ടിടത്തില്‍ ആരംഭം കുറിച്ചു . എന്നാല്‍ 2006 ല്‍ അവിടെ നിന്ന് ഒഴിയാന്‍ സൈക്കിയാട്രിക്ക് സെന്ററിന്റെ ഉടമാവകാശമുള്ള സ്റ്റേറ്റ് അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് റെസ്റ്റോറന്റായിരുന്ന ഇപ്പോഴത്തെ സ്ഥലം വാങ്ങിയതും കെട്ടിടം പള്ളിയായി രൂപപ്പെടുത്തിയതും. 2013 മുതല്‍ അവിടെ പുതിയ ദേവാലയത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 2021 ആയപ്പോഴേക്കും പള്ളി നിര്‍മ്മാണം പൂര്‍ത്തിയായായെങ്കിലും കോവിഡ് മൂലം ഉദ്ഘാടനം നീണ്ടു.


ആ കാത്തിരിപ്പ് സഫലമായ ഈ മുഹൂര്‍ത്തത്തിന് വഴിയൊരുക്കിയെന്ന് ഒരു പ്രാസംഗിക പറഞ്ഞത് അന്വര്‍ത്ഥമായി .


ചര്‍ച്ച് വൈസ് പ്രസിഡന്റ് സാം ജേക്കബ്, സെക്രട്ടറി ഡോ. സജന്‍ ഡാനിയല്‍ എന്നിവരായിരുന്നു ചടങ്ങില്‍ എംസിമാര്‍. വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള താഴെപ്പറയുന്ന വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു: റവ. ജോണ്‍ ഡേവിഡ്‌സണ്‍ ജോണ്‍സണ്‍ (ഓള്‍ സെയിന്റ് സി.എസ്.ഐ. ചര്‍ച്ച്, വാലി കോട്ടേജ്) റവ. പോള്‍ രാജന്‍ (സി.എസ്. ഐ. ക്രൈസ്ട് ചര്‍ച്ച്, ടാപ്പന്‍) വെരി റവ. ഫാ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു സിറ്റി) റവ. അജിത് വര്‍ഗീസ് (സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഹില്‍ബേണ്‍) ഫാ. എബി പൗലോസ് (സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഓറഞ്ച്ബര്‍ഗ്) ഫാ. രാജു വര്‍ഗീസ് (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ്, സഫേണ്‍) ഫാ. ബിബി (സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, ഹാവര്‍സ്റ്റെ) ഫാ. മാത്യു തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാലി കോട്ടേജ്) ഫാ. ആകാശ് പോള്‍ (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വെസ്റ്റ് നയക്ക്) ഫാ. തോമസ് മാത്യു (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ടാപ്പന്‍) മോണ്‍. അഗസ്റ്റിന്‍ മംഗലത്തു കോര്‍ എപ്പിസ്‌കോപ്പ (സെന്റ് പീറ്റേഴ്‌സ് സീറോ മലങ്കര കാത്തലിക്ക് ചര്‍ച്ച്, ബ്ലോവല്‍ട്) ഫാ. എബ്രഹാം വല്ലയില്‍ (സെന്റ് കാതറിന്‍ ചര്‍ച്ച്, ബ്ലോവല്‍റ്റ്)


'നിങ്ങളുടെ കൂടെ ഈ സുദിനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയൊരു ആദരവായി കാണുന്നു'വെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത സ്റ്റേറ്റ് സെനറ്റര്‍ എലിജാ റെയ്ക്ലിന്‍ മെല്‍നിക്ക് പറഞ്ഞു. ഈ പേര് പറയാന്‍ പ്രയാസമാണെന്നെനിക്കറിയാം. എന്തുകൊണ്ടോ എന്റെ മാതാപിതാക്കള്‍ ആ പേരാണെനിക്ക് നല്‍കിയത്.


ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അഭിമുഖീകരിക്കുന്ന സെനറ്റില്‍ റോക്ക്‌ലാന്‍ഡ് കൗണ്ടിയെ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു.


ഇങ്ങനെ അര്‍ത്ഥവത്തായൊരു ഇടം സാക്ഷാത്കരിക്കാന്‍ ഈ ചര്‍ച്ച് കമ്മ്യൂണിറ്റി കൈക്കൊണ്ട സമര്‍പ്പണം, ഇന്നിവിടെ ഒത്തുചേര്‍ന്നിരിക്കുന്നവര്‍ക്ക് മാത്രമല്ല വരും തലമുറകള്‍ക്കും പ്രയോജനകരമാകും. ഇവിടെ കല്യാണമോ മാമോദീസായോ പോലുള്ള ചടങ്ങുകള്‍ ആഘോഷിക്കുന്നതിനും ശവസംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനും അവസരമൊരുക്കും.


ഈ സന്തോഷത്തില്‍ എന്നെക്കൂടി ഭാഗമാക്കിയതിന് ഏവര്‍ക്കും നന്ദി. ന്യൂയോര്‍ക്കിലെ പല ഭാഗങ്ങളില്‍ നിന്ന് ഈ ചടങ്ങ് ആഘോഷമാക്കാന്‍ റോക്ക്‌ലാന്‍ഡില്‍ എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ക്കും നന്ദി. വൈവിധ്യം തന്നെയാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകത. ഈയാഴ്ച നമ്മള്‍ സംഘടിപ്പിച്ച ഒരു 'ബ്രെക്ക്ഫാസ്റ്റ് ഗാതറിങ്ങില്‍' , എല്ലാ മതനേതാക്കളെയും ക്ഷണിച്ചിരുന്നു. റോക്‌ലാന്‍ഡ് കൗണ്ടിയിലെ എല്ലാ മസ്ജിദുകളിലും നിന്നും സിനഗോഗുകളില്‍ നിന്നും ചര്‍ച്ചുകളില്‍ നിന്നുമുള്ളവര്‍ അതിന്റെ ഭാഗമായി.


ഏത് ദൈവത്തെ ആരാധിച്ചാലും, സാഹോദര്യത്തോടെയും സമാധാനത്തോടെയും ആളുകള്‍ കഴിയണമെന്നുള്ളതാണ് നമ്മുടെ ആവശ്യം. നമുക്ക് ചുറ്റും യുദ്ധങ്ങള്‍ നടക്കുന്നു. ദരിദ്രരെയും പട്ടിണിപ്പാവങ്ങളെയും നാം കാണുന്നു. ആളുകള്‍ പരസ്പരം ശത്രുതയോടെ നോക്കുന്നു. സ്‌നേഹവും ശാന്തിയുമാണ് യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത്.


ഈ ചര്‍ച്ചില്‍ ഒത്തുചേര്‍ന്നിരിക്കുന്നവരുടെ ദൗത്യവും സ്‌നേഹവും ശാന്തിയും പരത്തുക എന്നുള്ളതായിരിക്കണം. അതിലൂടെ നമ്മുടെ കമ്മ്യൂണിറ്റിയും, റോക്ക്‌ലാന്‍ഡ് കൗണ്ടിയും, ന്യൂയോര്‍ക്ക് സംസ്ഥാനവും കൂടുതല്‍ മികച്ചതാക്കി മാറ്റാം. ഈ സന്ദേശം നമ്മുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും വരും തലമുറയ്ക്കും പകര്‍ന്നുകൊടുക്കാം.


രണ്ടായിരത്തില്പരം വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നത് നിങ്ങളിലൂടെയാണ്. നമ്മുടെ കമ്മ്യൂണിറ്റിയില്‍ ഒരുപാട് നല്ല ആളുകള്‍ ഉണ്ടെന്ന് അറിയാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് നന്ദി! ഇവിടെ എത്തിച്ചേര്‍ന്നതിന് നന്ദി!


സ്വര്‍ഗ്ഗലോകം പോലും ഈ സുന്ദര ദേവാലയം കണ്ട് പുഞ്ചിരി തൂകുന്നുണ്ടാകാം. ഈ ചര്‍ച്ച് സാക്ഷാത്കരിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനം അറിയിക്കുന്നു.

ഈ നല്ല നാള്‍ ബഥനി മാര്‍ത്തോമാ ചര്‍ച്ച് ഡേ ആയി സെനറ്റര്‍ എന്ന നിലയില്‍ ഞാന്‍ അംഗീകരിക്കുന്നുഅദ്ദേഹം പറഞ്ഞു


ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഷ്ടപ്പെട്ട നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ അഭിന്ദനങ്ങള്‍ അറിയിക്കട്ടെറോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ തന്റെ ആശംസയില്‍ പറഞ്ഞു. ഇവിടെ നില്‍ക്കുമ്പോള്‍ അങ്ങേയറ്റം അഭിമാനവും സന്തോഷവും തോന്നുന്നു. പഴയ പള്ളിയിലും ഞാന്‍ വന്നിട്ടുണ്ട്. പുതിയ ദേവാലയത്തിന്റെ നിര്‍മ്മിതി വളരെ മനോഹരമായിട്ടുണ്ട്.


നിങ്ങളോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഉത്തരമറിയാവുന്നവര്‍ പറയുക : പള്ളിയില്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുക?

സമാധാനം എന്നുള്ളതായിരിക്കും ആദ്യം മനസ്സില്‍ എത്തുന്ന ഉത്തരം, അല്ലേ? മനസ്സിന്റെ സമാധാനമാണ് ആത്യന്തികമായി സ്‌നേഹത്തിലേക്ക് നയിക്കുന്നത്. എവിടെ പോയാലും നമ്മള്‍ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളാണ് സമാധാനവും സ്‌നേഹവും. ഇതുരണ്ടും കിട്ടുന്ന ഇടമാണ് ദേവാലയം.


പുറത്തേക്ക് കണ്ണോടിച്ചാല്‍, നമുക്കറിയാം സ്‌നേഹവും സമാധാനവുമാണ് ഇന്ന് ആളുകള്‍ക്ക് ഇല്ലാതായിരിക്കുന്നതെന്ന്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ചങ്ങല കോര്‍ത്തിണക്കുന്ന കണ്ണികളായാണ് പള്ളികള്‍ നിലകൊള്ളുന്നത്. നമ്മള്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ പുതിയ ദേവാലയത്തിന്റെയും ഉദ്ദേശം അതുതന്നെയാണ്. നമ്മളുടെ ഹൃദയത്തിനുള്ളിലൊരു ദേവാലയമുണ്ടായിരിക്കണം. സമാധാനവും സ്‌നേഹവും വസിക്കുന്ന ഇടം. ചുറ്റുള്ളവരിലേക്ക് ആ സ്‌നേഹവും സമാധാനവും പകരുകയും പടര്‍ത്തുകയും വേണം. അത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.


റോക്‌ലാന്‍ഡ് കൗണ്ടിയിലെ ലെജിസ്ലെച്ചറിനെ പ്രതിനിധീകരിച്ചുള്ള പ്രൊക്ലമേഷന്‍ അവര്‍ വികാരി റവ. ജേക്കബ് തോമസിന് കൈമാറി. 'റോക്‌ലാന്‍ഡ് കൗണ്ടി ബഥനി മാര്‍ത്തോമ ചര്‍ച്ച് സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സ്തുത്യര്‍ഹമാണ്. കമ്മ്യൂണിറ്റി അംഗങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ക്കപ്പുറം, ആഘോഷങ്ങളിലൂടെയും പരിപാടികള്‍ സംഘടിപ്പിച്ചും മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും എല്ലാവരെയും ഒരുകുടക്കീഴില്‍ നിര്‍ത്താന്‍ ചര്‍ച്ച് നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. പുതു ദേവാലയത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്ന അനുഗ്രഹീതമായ ഈ വേളയില്‍, ബിഷപ്പിന്റെയും പള്ളിയുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും ആഹ്ലാദത്തില്‍ ലജിസ്‌ളേച്ചറും പങ്ക് ചേരുന്നു. ഈ ജൈത്രയാത്ര വരുംകാലങ്ങളിലും തുടരാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു'പ്രൊക്ലമേഷന്‍ വ്യക്തമാക്കി.


ജൂലൈ 30, 2022 റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ ബഥനി മാര്‍ത്തോമാ ചര്‍ച്ച് ഡേ ആയി ആദരിക്കുമെന്നു പ്രൊക്ലമേഷനില്‍ വ്യക്തമാക്കി.


പങ്കെടുത്ത വൈദികര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ചര്‍ച്ചിന്റെ വക പ്ലാക്ക് നല്‍കി ആദരിച്ചു. ചര്‍ച്ച് നിര്‍മാണ കമ്മിറ്റി അംഗങ്ങളെയും ചര്‍ച്ച് നിര്‍മ്മാണ ചുമതല വഹിച്ച എ.സി.ജെ., അസ്റ്റല്‍ , ഫെലന്‍സര്‍ സ്ഥാപന പ്രതിനിധികളെയും ചടങ്ങില്‍ പ്ലാക്ക് നല്‍കി ആദരിച്ചു. മുന്‍ വികാരിമാര്‍ വീഡിയോ വഴി സന്ദേശങ്ങള്‍ നല്‍കുകയും ചര്‍ച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.


സനില്‍ ഡാനിയല്‍, ജോസഫ് മാത്യു എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു. വികാരി സമാപന പ്രാര്‍ത്ഥന നടത്തി.


തുടര്‍ന്ന് സ്‌നേഹവിരുന്നും ഒത്തുകൂടലും വ്യത്യസ്താനുഭവമായി.Other News in this category4malayalees Recommends