എയ്ല്‍സ്‌ഫോഡില്‍ അനുഗ്രഹനിമിഷങ്ങള്‍; ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ന്

എയ്ല്‍സ്‌ഫോഡില്‍ അനുഗ്രഹനിമിഷങ്ങള്‍;  ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ന്
എയ്ല്‍സ്‌ഫോര്‍ഡ്: കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്‌ഫോഡില്‍ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മ്മല്‍ സീറോ മലബാര്‍ മിഷന്‍ ആണ് നേതൃത്വം നല്‍കുന്നത്.

ഈ മാസത്തെ ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കും. എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് കര്‍മ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദത്തോടുകൂടി ശുശ്രൂഷകള്‍ക്ക് സമാപനമാകും.

ഏലിയാ പ്രവാചകന്‍ തപസ്സനുഷ്ഠിക്കുകയും ബാലിന്റെ പ്രവാചകരെ തോല്‍പിച്ച് ഇസ്രായേലില്‍ സത്യദൈവവിശ്വാസം തിരികെക്കൊണ്ടുവരികയും ചെയ്ത സ്ഥലമാണു കാര്‍മ്മല്‍ മല. ആദിമനൂറ്റാണ്ടുകള്‍ മുതല്‍ തന്നെ ക്രൈസ്തവ സന്യാസികള്‍ ഏകാന്തതയില്‍ പ്രാര്‍ത്ഥനാജീവിതം നയിക്കാനായി കാര്‍മ്മല്‍ മലയില്‍ എത്തിയിരുന്നു. ഇന്നത്തെ ഇസ്രായേലില്‍ ഹൈഫ പട്ടണത്തിനു സമീപമായി മെഡിറ്ററേനിയന്‍ കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന കാര്‍മ്മല്‍ മല ഇന്നും കര്‍മ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്.

1251 ല്‍ എയ്ല്‍സ്‌ഫോര്‍ഡിലെ സൈമണ്‍ സ്റ്റോക്ക് കര്‍മ്മലീത്ത സന്യാസിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും ഉത്തരീയം (വെന്തിങ്ങ) നല്‍കുകയും ചെയ്തു. വെന്തിങ്ങ പതിവായി ധരിക്കുകയും മാതാവിന്റെ സംരക്ഷണം തേടുകയും ചെയ്യുന്നവര്‍ ഒരിക്കലും നിത്യനാശമടയുകയില്ല എന്നത് നൂറ്റാണ്ടുകളായുള്ള നമ്മുടെ വിശ്വാസമാണ്. അതുപോലെ തന്നെ മരണത്തിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിന്റെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ മോചിക്കപ്പെടും എന്ന വിശാസവും കര്‍മ്മലമാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു സഭയില്‍ നിലനിന്നിരുന്നു.

ഉത്തരീയം (വെന്തിങ്ങ) കര്‍മ്മലമാതാവിന്റെ സംരക്ഷണത്തിന്റെ അടയാളമാണ്. അമ്മയുടെ സവിശേഷമാം വിധം തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ സമൂഹത്തില്‍ നാമും അംഗങ്ങളാണെന്നതിന്റെ അടയാളവുമാണത്. അതോടൊപ്പം തന്നെ ഉത്തരീയം ഒരു പ്രതിജ്ഞയുമാണ്. അമ്മ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളാം എന്നും നമ്മെത്തന്നെ അമ്മയ്ക്ക് എന്നേയ്ക്കുമായി പ്രതിഷ്ഠിച്ചുകൊള്ളാം എന്നുമുള്ള പ്രതിജ്ഞയുടെ അടയാളം. ഉത്തരീയം ധരിക്കുന്നവരില്‍ നിന്ന് മാതാവ് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അമ്മയുടെ ജീവിതത്തില്‍ വിളങ്ങിയിരുന്ന പുണ്യങ്ങള്‍ അനുകരിച്ചുകൊണ്ടുള്ള ഒരു വിശുദ്ധജീവിതമാണ്. എളിമയും ശുദ്ധതയും നിരന്തര പ്രാര്‍ത്ഥനയും ആണ് അമ്മയില്‍ നിന്നു നാം പഠിക്കേണ്ട പാഠങ്ങള്‍. 1917 ല്‍ ഫാത്തിമയിലും അതിനും അര നൂറ്റാണ്ടിനുശേഷം ഗരബന്ദാളിലും പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മ തന്നെത്തന്നെ കര്‍മ്മലമാതാവെന്നു പരിചയപ്പെടുത്തിയിരുന്നു.

അനേകം വിശുദ്ധര്‍ കര്‍മ്മലമാതാവിന്റെ ഭക്തരായിരുന്നു. അവരില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെയും വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെയും പേരുകള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഈ വിശുദ്ധരുടെ മരണത്തിന് അനേക വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ കല്ലറകള്‍ തുറന്നുനോക്കിയപ്പോള്‍ അവര്‍ അണിഞ്ഞിരുന്ന വെന്തിങ്ങകള്‍ക്കു യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. ദുരന്തങ്ങളുടെ മുന്‍പില്‍ പകച്ചുനില്‍ക്കുന്ന ഈ ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍ ആശ്രയം അര്‍പ്പിച്ചുകൊണ്ട് നമുക്കു പ്രാര്‍ത്ഥിക്കാം.

Other News in this category4malayalees Recommends