മുല്ലപ്പെരിയാര്‍ ഡാം 11.30ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാം 11.30ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമിന്റെ മൂന്ന ഷട്ടറുകള്‍ രാവിലെ 11.30യ്ക്ക് തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക.


പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കല്ലാര്‍ അണക്കെട്ട് ഇന്ന് തുറന്നേക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ ഡാം രാവിലെ തുറന്നേക്കില്ല. മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ചിമ്മനി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുകയാണ്. ഇതേ തുടര്‍ന്ന് കുറുമാലി പുഴയോരത്തുള്ളവര്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേരള ഷോളയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നു.

Other News in this category



4malayalees Recommends